കല്യാണത്തിരക്കുകള്‍ക്കു ശേഷം നൂറിന്‍ ഷെരീഫും ഫഹിം സഫറും തിരക്കഥയുടെ പണിപ്പുരയിലാണ്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സിനിമയില്‍ സജീവമായിത്തന്നെ ഉണ്ടാകുമെന്നും സിനിമ തന്നെയാണ് തന്റെ മേഖലയെന്നും നൂറിന്‍ പറഞ്ഞു. പൂര്‍ണപിന്തുണയുമായി ഫഹിമുമുണ്ട്.
തിരക്കഥയെക്കുറിച്ച് ?
ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് എഴുതുന്നത്. രണ്ടു വര്‍ഷത്തോളമായി ഇതിന്റെ പിറകെയാണ്. കോമഡിയും മാസും അടങ്ങുന്നു, എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു സിനിമയായിരിക്കും. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായ ധനഞ്ജയന്‍ ആണ് സംവിധാനം. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
കഥ വന്ന വഴി ?
നൂറിനാണ് അതിന്റെ ക്രെഡിറ്റ്. നൂറിനെപ്പോലൊരു പെണ്‍കുട്ടി എഴുതിയ സിനിമയാണിതെന്ന് ആരും കരുതില്ല. ഒരു കാര്‍ യാത്രയിലാണ് കഥ ഉരുത്തിരിയുന്നത്. വിനീത് ശ്രീനിവാസനുമായി വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്. കഥ അദ്ദേഹത്തെ കേള്‍പ്പിച്ചു. മുഴുവന്‍ കേട്ട ശേഷം അദ്ദേഹം പറഞ്ഞത് ഇത് വര്‍ക്കൗട്ടാകില്ലെന്നായിരുന്നു. നിരാശയുടെ നിമിഷങ്ങളായിരുന്നു . നമ്മള്‍ സിനിമയിലേക്ക് വന്നത് എന്തെങ്കിലുമൊക്കെ ചെയ്ത് കുറച്ച് കയ്യടി വാങ്ങിപ്പോകാനല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു. വിട്ടുകളയാന്‍ ഞങ്ങള്‍ക്കു മനസില്ലായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാനും നൂറിനും ധനഞ്ജയനും തലപുകച്ച് ആലോചിച്ചു. കഥയില്‍ മാറ്റം വരുത്തി. വീണ്ടും വിനീതിനു കണ്ടു. കഥയിലെ മാറ്റത്തെക്കുറിച്ച് വിശദീകരിച്ചു. എല്ലാം കേട്ട ശേഷം വിനീത് പറഞ്ഞു– ഇപ്പോള്‍ ഒ.കെ. ഇത് നമ്മള്‍ ചെയ്യും. എന്തു സഹായത്തിനും കൂടെയുണ്ടാകുമെന്നും ഉറപ്പ് തന്നു.
നൂറിന് എഴുത്ത് പുതിയ അനുഭവമായിരുന്നോ ?
എളുപ്പമായിരുന്നില്ല. മനസില്‍ ആശയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാം. എന്നാല്‍ അത് എഴുതി ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എഴുത്തു വഴങ്ങുമോ എന്നു പോലും ഒരു ഘട്ടത്തില്‍ സംശയിച്ചു. ഫഹിമിന്റേയും ധനഞ്ജയന്റേയും പിന്തുണയാണ് സഹായിച്ചത്. നിരന്തരമായി അധ്വാനിക്കാനും പരമാവധി നന്നാക്കാനും ശ്രമിച്ചു. എന്തായാലും ഇപ്പോള്‍ ഒരു ആത്മവിശ്വാസം തോന്നുന്നു. വായനും സിനിമ കാണലും തന്നെയാണ് എഴുത്തിനെ മികച്ചതാക്കാന്‍ സഹായിച്ചത്.
ചെറിയൊരു ബ്രേക്ക് വന്നല്ലോ ?
സിനിമയാണ്. സ്ക്രീനില്‍ നമ്മളെ കാണുന്നതു വരെ ഒന്നും പ്രവചിക്കാനാകില്ല. സിനിമയില്‍ നിന്നും ഇടവേളയെടുക്കണമെന്നു ഞാന്‍ ഇതുവരെ പറഞ്ഞിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല. ചെറിയൊരു തെറ്റിദ്ധാരണയുണ്ടായെന്നു തോന്നുന്നു. ഞാന്‍ ആഗ്രഹിച്ചതു പോലുള്ള കഥാപാത്രങ്ങള്‍ ഇതുവരെ എനിക്കു കിട്ടിയിട്ടില്ല. എന്തായാലും സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹം. ഒരു ബ്രേക്ക് എടുക്കാന്‍ പ്ലാനില്ല.