Siddique-1-08-08-23

എണ്‍പതുകളുടെ അവസാനം. സിനിമ അതിന്റെ പുതുവഴികള്‍ തേടുന്ന കാലം. ചിരിപ്പടങ്ങളില്‍ പുത്തന്‍ ഫോര്‍മുലയുമായി അക്കാലത്ത് കടന്നെത്തിയ സിദ്ധിഖ്–ലാല്‍ കൂട്ടുകെട്ട് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചത്. സര്‍വത്ര ചിരിമയത്തില്‍ വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ ഓരോന്നും പ്രേക്ഷകന്‍ ഏറ്റെടുത്തു.  ലാലിനൊപ്പവും അല്ലാതെയും സിദ്ധിഖ്  ഒരുക്കിയ ചിത്രങ്ങളില്‍ ഭൂരിപക്ഷവും മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായി മാറി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം കുറവെങ്കിലും അവയൊക്കെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. 

 

അന്യഭാഷാ സിനിമകള്‍ ഒരുക്കിയപ്പോഴും സിദ്ധിഖിന് പിഴച്ചില്ല. തമിഴിലും ഹിന്ദിയിലും മികച്ച സംവിധായകനെന്ന പേരെടുത്തു. സിനിമയാത്രയില്‍ മുന്നില്‍ നിന്നപ്പോഴും ഒരിക്കലും തലക്കനം ബാധിക്കാത്ത സംവിധായകനായിരുന്നു സിദ്ധിഖ്.  പതിഞ്ഞ ശബ്ദത്തില്‍ ചെറുപുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന സിദ്ധിഖിനെ ഓര്‍ത്തെടുക്കുകയാണ് വിയോഗ സമയത്ത് സുഹൃത്തുക്കള്‍, സിനിമയിലെ ഉമ്മന്‍ചാണ്ടിയെന്നാണ് കോമഡി വേദികളില്‍ സിദ്ധിഖിനൊപ്പം തുടക്കം കുറിച്ച് കെഎസ് പ്രസാദ് അനുസ്മരിച്ചത്. ആരോടും ദേഷ്യപ്പെടാത്ത എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന സുഹൃത്തായിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ അനുസ്മരിച്ചു.

 

ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ധിഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ധിഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ധിഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ധിഖ് അണിഞ്ഞിരുന്നു. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.