ദൈവം ലോകത്തെ സ്നേഹിച്ചതുകൊണ്ട് കഥകളുണ്ടായി എന്നാണ് പറച്ചില്‍. അപ്പോൾ സാധാരണക്കാരുടെ ജീവിതകഥകൾ പറഞ്ഞ ലോഹിതദാസ് മലയാളത്തിന്റെ, സിനിമയുടെ, കാലത്തിന്റെ അനുഗ്രഹമാകുന്നു. തനിയാർത്തനവും ഭൂതക്കണ്ണാടിയും കിരീടവും മൃഗയയും വാത്സല്യവും ഭരതവും കണ്ട് തലമുറകള്‍ ജീവിതത്തിന്റെ പല ഭാവങ്ങള്‍ അനുഭവിച്ചറിഞ്ഞു. കണ്ണുനിറയുകയും സന്തോഷിക്കുകയും ചെയ്തു. അങ്ങനെ ആ കഥകള്‍ എഴുതിയ മനുഷ്യന്‍ അവരുടെ ഹൃദയത്തിന് ഏറ്റവും അടുത്ത ഒരാളായി.
എന്നും ഓർത്തുവയ്ക്കപ്പെട്ട കലാസൃഷ്ടികൾക്കെല്ലാം മനുഷ്യരുടെ ജീവിതത്തിന്റെ നിറമായിരുന്നു. കണ്ട, തൊട്ടറിഞ്ഞ മനുഷ്യജീവിതങ്ങളെ കലയാക്കി മാറ്റിയ സൃഷ്ടികളെല്ലാം പിൽക്കാലത്ത് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. മലയാള സിനിമയിൽ എം.ടി ഉൾപ്പെടെ പുതിയ പരീക്ഷണങ്ങൾ നടത്തുകയും ജനപ്രിയ സിനിമകൾ ധാരാളം ഇറങ്ങുകയും ചെയ്ത കാലഘട്ടത്തിലാണ് ലോഹിതദാസ് കടന്നുവരുന്നത്. തീർത്തും സ്വാഭാവികമായ കഥ പറച്ചിലാണെങ്കിലും കഥയുടെ ഉള്ളിൽ അയാൾ മൂടിവെച്ചത് അത്ര നിസ്സാരമായ കഥയായിരുന്നില്ല. ജീവിതത്തിന്റെ സങ്കീർണതകൾ മുഴുവനും ആ കഥകള്‍ ഉൾക്കൊണ്ടു. നേരംപോക്ക് മാത്രം പ്രതീക്ഷിച്ചു പോയവർക്കായാലും അയാളുടെ സിനിമ ഇഷ്ടപ്പെടാതിരിക്കാൻ സാധ്യത നന്നേ കുറവാണ്.
ലോഹിതദാസ് എന്ന മനുഷ്യൻ മലയാളികളുടെ ഉള്ളിലേക്ക് ആദ്യമായി കയറിക്കൂടിയത് തനിയാവർത്തനം എന്ന ചിത്രത്തിലൂടെയാണ്. അടുപ്പമുള്ളവർക്ക് അദ്ദേഹം ലോഹിയായിരുന്നു. അയാളെ കാണാത്ത തലമുറ വന്നപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകള്‍ ഇവിടെ ഉണ്ടായിരുന്നു, അങ്ങനെ ലോഹിതദാസിനെ സ്നേഹിച്ചവരും ആ കഥാലോകത്തിന്റെ ഉടമയെ ലോഹി എന്ന് വിളിച്ചു. ലോഹിയുടെ കഥകൾ ഇന്നും അനശ്വരമായി തന്നെ തുടരുന്നു. മനുഷ്യസ്നേഹിയായ ആ കഥാകാരൻ വിട പിരിഞ്ഞിട്ട് പതിനാല് വർഷം.
നാടകത്തിലായിരുന്നു ലോഹിയുടെ പരീക്ഷണങ്ങളുടെ ആദ്യകാലം. നല്ല എഴുത്ത് കണ്ട് തിലകനടക്കമുള്ള നാടകത്തിലെ കൂട്ടുകാരാണ് ലോഹിയെ സിനിമയിലേക്ക് അടുപ്പിക്കുന്നത്. ആ കടന്നുവരവ് മലയാളത്തിന് വലിയ മുതൽക്കൂട്ടായി. അത്രമേൽ ശോഭയുള്ള പച്ചയായ കഥാപാത്രങ്ങളെ കാണാനായി എന്നത് മലയാളത്തിന്‍റെ പുണ്യം. 1987ൽ തനിയാവർത്തനം മുതല്‍ ലോഹിതദാസ് എന്ന പേര് തെളിഞ്ഞുതുടങ്ങി. തനിയാവര്‍ത്തനത്തിലെ ബാലൻ മാഷ് മലയാളികളെ ഇന്നും നോവിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഭ്രാന്ത് എന്നതിനെപ്പറ്റി സമൂഹം കരുതിപ്പോന്ന രീതിയും, കരുതേണ്ട രീതിയും സിനിമ കൃത്യമായി പറഞ്ഞുവച്ചു. വര്‍ഷമേറെ കഴിഞ്ഞുവന്ന ഭൂതക്കണ്ണാടിയും പ്രേക്ഷകര്‍ നെഞ്ചോട് ചേർത്തു. മനസ്സിന്റെ സഞ്ചാരങ്ങളെ ആ ഭൂതക്കണ്ണാടി മറ്റൊരു കാഴ്ചപ്പാടില്‍ വരച്ചിട്ടു. വാച്ച് നന്നാക്കുന്ന വിദ്യാധരൻ ഇന്നും ക്ലാസിക് കഥാപാത്രമായി ബാക്കിയുണ്ട്.
യാഥാർഥ്യം എന്ന് പറയുമ്പോഴും ലോഹിയുടെ കഥകളിൽ പ്രണയവും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കാല്പനികതകളും കാണാമായിരുന്നു. ഭൂതക്കണ്ണാടിയിലെ സരോജിനി എന്ന പുളളുവത്തിപ്പെണ്ണ് എത്രമാത്രം സ്നേഹമാണ് കൊണ്ടുനടക്കുന്നത്. കിരീടത്തിലെ തോറ്റു പോയ നായകനായ സേതുമാധവൻ, എത്ര പുരുഷന്മാരുടെ വ്യാകുലതയാണ് ഒരു നായകന്റെ വർണപ്പകിട്ടില്ലാതെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. തോറ്റ് പോയ, കരയുന്ന, നിസ്സഹായരായ, സ്വപ്നങ്ങളുള്ള, സാധാരണക്കാരായ നായകന്മാർക്ക് ലോഹി ഒരിക്കലും ഭ്രഷ്ട് കൽപ്പച്ചില്ല. കുടുംബ ബന്ധങ്ങളും പ്രത്യേകിച്ച് മക്കൾ മാതാപിതാക്കൾ ബന്ധവും അത്രമേല്‍ ഹൃദയസ്പർശിയായി അയാൾ കുറിച്ചു.
പ്രിയപ്പെട്ട ലോഹി, നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ പിറന്ന മനുഷ്യരാണ്, ആ കഥാപാത്രങ്ങളാണ് ഞങ്ങള്‍ക്ക് ജീവിതത്തിന്റെ തണുപ്പും ചൂടും കാട്ടിത്തന്നത്. ഇനിയും വേണമായിരുന്നു, പച്ച മനുഷ്യരുടെ ഒരിക്കലും തീർന്നു പോകാത്ത കഥകൾ. നിങ്ങളെപ്പോലെ ഇനി ആരെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് ഇങ്ങനെ നോക്കുമോ എന്നറിഞ്ഞുകൂടാ. നിങ്ങൾ പറഞ്ഞ് തീർത്ത കഥകൾക്ക് ഇന്നും ജീവനുണ്ട്.. ബാലന്‍ മാഷും, സേതുവും, ഭാനുവും, വിശ്വനാഥനും കല്ലൂര്‍ ഗോപിനാഥനും വാറുണ്ണിയും ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട്. നന്ദി, കടന്നു വന്നതിന്, ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥ പറഞ്ഞതിന്..!
AK Lohithadas Death Anniversary