ആദിപുരിഷ് സിനിമയ്ക്കെതിരെ പ്രതിഷേധവും ട്രോളുകളും നിറയുകയാണ്. സോഷ്യല്‍മീഡിയകളിലും ഒരു മയമില്ലാതെ ചിത്രം പരിഹാസം നേരിടേണ്ടി വന്നു. അതിനിടെയാണ് അലഹബാദ് ഹൈക്കോടതി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നത്. പ്രേക്ഷകരെല്ലാം തലച്ചോറില്ലാത്തവരാണെന്നാണോ നിങ്ങള്‍ കരുതിയത്, സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ എന്ത് ഇടപെടലാണ് നടത്തിയതെന്ന് മനസിലാവുന്നില്ലെന്നും കോടതി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിര്‍ ശുക്ലയ്ക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുവെന്നാരോപിച്ച് ആദിപുരുഷ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും ചിത്രം കണ്ട് ജനങ്ങള്‍ ക്രമസമാധാനനില തകര്‍ക്കാതിരുന്നത് നന്നായെന്നും കോടതി വിലയിരുത്തി.
ചിത്രത്തില്‍ വിവാദമായ ചില സംഭാഷണ ശകലങ്ങള്‍ നേരത്തെ തന്നെ ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയിരുന്നു. എല്ലാ തിയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടുമെന്നതു മുതല്‍ വിവാദങ്ങളുടെ പെരുമഴക്കാലം തന്നെയാണ് ആദിപുരുഷ് നേരിടേണ്ടി വന്നത്.
Alahabad court slams ‘Adipurush’ makers