ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'വാലാട്ടി' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ദേവനാണ്. മൃഗങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. പതിനൊന്നു നായകളെയും ഒരു പൂവൻകോഴിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന ചിത്രം, മലയാളത്തിലെ ഒരു പരീക്ഷണ ചിത്രം കൂടിയാണ്. നായ്ക്കൾക്ക് ശബ്ദം നൽകുന്നത് മലയാളത്തിലെ മുൻനിര താരങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായ്ക്കള്‍ക്ക് ശബ്ദം കൊടുക്കുന്നവരിൽ പ്രമുഖർ.
രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറയുന്നു. 75 ദിവസത്തെ ചിത്രീകരണവും ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്‌ഷനുമാണ് ചിത്രത്തിന് ആവശ്യമായി വന്നത്. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഉള്ളടക്ക ആശയങ്ങള്‍. മനുഷ്യരുടെ വികാരവിചാരങ്ങളാണ് ചിത്രത്തില്‍ മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർ നർമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
New malayalam movie named Valatty Trailer out