ബിഎംഡബ്ല്യൂ ബൈക്കില്‍ സോളോ റൈഡിനിറങ്ങി നടി മഞ്ജു വാരിയർ. യാത്രയുടെ ചിത്രങ്ങൾ സമഹൂമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങൾ മൂലം ശരിയായ റൈഡിങ് ബൂട്ട് ധരിക്കാൻ സാധിച്ചില്ല, റൈഡർ സുഹൃത്തുക്കൾ ക്ഷമിക്കണം എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്.
നേരത്തെ ബിഎംഡബ്ല്യു ബൈക്കിൽ സൗബിൻ ഷാഹിറുമൊത്ത് നൈറ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ബൈക്ക് ഓടിക്കാൻ പഠിക്കുകയും വാങ്ങുകയും ചെയ്തു എന്നാൽ അമ്മയ്ക്കും ചേട്ടനും ഞാൻ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ്സാണ് മഞ്ജുവിന്റെ ബൈക്ക്. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയത് എന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു.
ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1254 സിസി എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 136 ബിഎച്ച്പിയാണ് ബൈക്കിന്റെ കരുത്ത്. 143 എൻഎം ടോർക്കുമുണ്ട്. സൗബിൻ ഷാഹിറും അടുത്തിടെയാണ് ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ ട്രോഫി എഡിഷന്‍ സ്വന്തമാക്കിയത്.
Manju Warrier shared her new bike ride pictures on social media