കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിൽ തന്റെ സിനിമയുടെ റിലീസ് തടഞ്ഞ നിർമാതാവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക ഐഷ സുൽത്താന. ഫ്ളഷ് എന്ന സിനിമയുടെ  നിർമാതാവും ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി എച്ച്. കെ.മുഹമ്മദ് കാസിമിന്റെ ഭാര്യയുമായ ബീന കാസിമിനെതിരെയാണ് ആരോപണം.ഒന്നരവർഷം മുൻപ് സെൻസർ പൂർത്തിയായിട്ടും  സിനിമ കേന്ദ്ര സർക്കാരിനെതിരായതിനാൽ റിലീസ് ചെയ്യില്ലെന്നാണ് നിർമാതാവിന്റെ നിലപാടെന്ന് ഐഷ ആരോപിച്ചു.

തന്റെ സിനിമയായ ഫ്ളഷ് റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച നിർമാതാവ് ബീന കാസിം കേന്ദ്ര സർക്കാരിന്റെ അടിമയാണെന്ന്  ഫെയ്സ്ബുക്കിലാണ് ഐഷ ആരോപണം ഉന്നയിച്ചത്.കേന്ദ്ര സർക്കാരിനെതിരായി തന്റെ സിനിമയിൽ വിമർശനമുണ്ട്. തന്റെ നാടിന് വേണ്ടിയാണ് സിനിമ ശബ്ദിക്കുന്നത്. എന്നാൽ തന്നെയും തന്റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിർമാതാവ് ഒറ്റിയെന്ന് ഐഷ ആരോപിച്ചു.

2021 ജൂണിൽ ചാനൽചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേൽ ഖോഡയെ ബയോ വെപ്പൺ എന്ന് ആരോപിച്ചതിന് പിന്നാലെ ഐഷയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.തുടർന്ന് ഐഷയ്ക്കും സിനിമയ്ക്കും എതിരെ കടുത്ത സൈബർ ആക്രമണമടക്കം ഉണ്ടായി. തൻ്റെ ആദ്യ സിനിമയായ ഫ്ലഷിന് നിർമാതാവ് തടസം നിന്നാൽ യൂട്യൂബിലെങ്കിലും സിനിമ റിലീസ് ചെയ്യുമെന്നും കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഐഷ പറഞ്ഞു.

Director Aisha Sultana criticized the producer who blocked the release of her film due to criticism against the central government.