ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സഹോദരിയുടെ രത്ന കമ്മലുകള്‍ മോഷണം പോയി. മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് മോഷണം പോയത്. സംഭവത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതാ ഖാന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. അര്‍പിതയുടെ പരാതിയില്‍ ഇവരുടെ വീട്ടിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പെവാദി ചേരിയില്‍ നിന്നുള്ള സന്ദീപ് ഹെഗ്ഡേ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി അര്‍പിതാ ഖാന്റെ അപ്പാര്‍ട്ട്മെന്റിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. അര്‍പിതയുടെ കമ്മലുമായി ഇയാള്‍ കടന്നതായാണ് പൊലീസ് പറയുന്നത്. 5 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് കമ്മലാണ് മോഷ്ടിക്കപ്പെട്ടത്.
മേക്കപ്പ് ട്രേയില്‍ നിന്ന് കമ്മല്‍ മോഷണം പോയതായാണ് അര്‍പിതയുടെ പരാതിയില്‍ പറയുന്നത്. ഈ കമ്മലുകള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 പേരാണ് അര്‍പിതയുടെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് സന്ദീപാണ് മോഷണം നടത്തിയതെന്ന സൂചന പൊലീസിന് ലഭിച്ചത്.