അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസീന്‍റെ ഏറ്റവും പുതിയ ലക്കത്തിന്‍റെ കവര്‍ ചിത്രമായി ഇന്ത്യന്‍ താരം ദീപിക പദുക്കോണ്‍. ഗ്ലോബല്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം ദീപിക പദുക്കോണിനെ അവതരിപ്പിച്ചിരിക്കുന്നത്. കവര്‍ ചിത്രം മാത്രമല്ല താരത്തിന്‍റെ അഭിമുഖവും മാഗസീന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018-ൽ ടൈം പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 പേരില്‍ ഒരാളായിരുന്നു ദീപിക പദുക്കോണ്‍. ലോകത്തെ ബോളീവുഡിലേക്ക് എത്തിക്കുന്ന താരം എന്നും ദീപിക കവര്‍ ചിത്രമായിട്ടുള്ള ടൈം മാഗസീന്‍റെ കവര്‍ പേജില്‍ എഴുതിയിട്ടുണ്ട്.

 

'ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ നടി' എന്നാണ് ദീപികയെ മാഗസീന്‍ അഭിസംബോധന ചെയ്യുന്നത്. അഭിമുഖത്തില്‍ തനിക്കെതിരെ അടിക്കടിയുണ്ടായ പ്രതിഷേധങ്ങളെ കുറിച്ചും ദീപിക പറയുന്നുണ്ട്. പദ്മാവത് സിനിമയുടെ റിലീസ് സമയത്തുണ്ടായ കർണി സേനയുടെ പ്രതിഷേധം, വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍, പഠാനിലെ ബിക്കിനിയുടെ നിറത്തിന്‍റെ പേരിലുണ്ടായ വിവാദങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഇന്‍റര്‍വ്യൂവില്‍ ദീപിക തുറന്നു പറയുന്നുണ്ട്. 

 

95-ാമത് ഓസ്കര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ അവതാരകയായി എത്തിയ മുഹൂര്‍ത്തത്തെ കുറിച്ചും ഇന്ത്യയുടെ ഓസ്കര്‍ വിജയങ്ങളെ കുറിച്ചും ദീപിക അഭിമുഖത്തില്‍ പറയുന്നു. നാട്ടുനാട്ടുവിനും എലിഫന്‍റ് വിസ്പേഴ്സിനും ഓസ്കാര്‍ ലഭിച്ചതില്‍ സന്തോഷമറിയിച്ച ദീപിക അതുകൊണ്ടു മാത്രം നമ്മള്‍ സന്തുഷ്ടരായിട്ടില്ല മറിച്ച് ഇതിനെ വിജയത്തിന്‍റെ തുടക്കമായി കഴിയാന്‍ നമുക്ക് സാധിക്കണം എന്നും പറയുന്നുണ്ട്. രൺവീര്‍ കപൂറുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച ദീപിക രൺവീറിന്റെ പിന്തുണയെ കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

 

കവര്‍ ചിത്രവും അതിന്‍റെ ഭാഗമായുള്ള ഫോട്ടോഷൂട്ടുകളുടെ രംഗങ്ങളും താരം തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

Deepika Padukon as Times Magazine Cover