അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. മാനേജർ പൂജ ദദ്‌ലാനിക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകുമ്പോഴാണ് ആരാധകനെ സെല്‍ഫി എടുക്കുന്നതില്‍ നിന്നും നടന്‍ തടഞ്ഞത്.
ആരാധകര്‍ക്ക് നേരെ കൈ വീശിയാണ് നടന്‍ കടന്നുപോയത്. ഇതിനിടയിലാണ് എയർപോർട് സ്റ്റാഫ് കൂടിയായ വ്യക്തി ഷാറുഖിനോട് അനുവാദം ചോദിക്കാതെ മൊബൈലുമായി താരത്തിനരികിലേക്ക് എത്തിയത്. ഷാറുഖ് ഇയാളുടെ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. ഷാറുഖിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. ആരാധകരില്ലെങ്കില്‍ താരങ്ങളില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. എല്ലാവരെയും പോലെ സിനിമാതാരങ്ങളും മനുഷ്യരാണെന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു.
രാജ്കുമാര്‍ ഹിറാനിയുടെ 'ഡങ്കി' എന്ന ചിത്രത്തിലാണ് ഷാറുഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. തപ്സി പന്നുവാണ് നായിക. ഈ വര്‍ഷം തന്നെ ഡങ്കി റിലീസ് ചെയ്യും. അതേസമയം ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാറുഖ് ചിത്രം ജവാന്‍ ജൂണ്‍ 3ന് തിയറ്ററുകളിലെത്തും. നയന്‍താരക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.