പ്രിയ നടന്‍ മാമുക്കോയയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാലോകം. സഹപ്രവർത്തകരായ മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ, മോഹൻലാൽ, മുകേഷ്, തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 

പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി മാമുക്കോയുടെ ചിത്രത്തിന്‍റെയൊപ്പം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. . 

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹന്‍ലാല്‍. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ... എന്നും മോഹന്‍ലാലിന്‍റെ വാക്കുകള്‍.

നിരവധി തവണ അങ്ങേയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നായിരുന്നു പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ എഴുതിയത്. കുരുതി എന്ന സിനിമയില്‍ മൂസ എന്ന കഥാപാത്രമായി അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കുമെന്നും ഇതോടൊപ്പം  പൃഥ്വിരാജ് കൂട്ടിച്ചേർത്തു.ലെജൻഡ് എന്ന ഹാഷാടാഗോടെയായിരുന്നു പൃഥ്വിരാജിന്റെ അനുശോചന കുറിപ്പ്.

നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച മുകേഷും മാമുക്കോയയുടെ വിലാപത്തില്‍ പങ്കുചേര്‍ന്നു. മാമൂക്കാ, മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത മറ്റൊരാൾ കൂടി യാത്രയായി... ഇന്നസെന്റ്- മാമുക്കോയ എന്ന  ഒരേക്കാലത്തെ രണ്ട് മഹാ നടന്മാർ ഒന്നിനുപുറകെ ഒന്നായി അരങ്ങൊഴിഞ്ഞു... ഇതെനിക്ക് വ്യക്തിപരമായും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്... മാമുക്കാക്ക് ആദരാഞ്ജലികൾ 

'ഇനി ഈ ചിരി ഇല്ല എൻറെ പ്രിയ സുഹൃത്തിന് വിട' വിജയരാഘവന്‍ മാമുക്കോയയുടെ വേര്‍പാടില്‍ കുറിച്ചതിങ്ങനെ

Cinema world mourns the death of beloved actor Mamukkoya