ഭർത്താവിന്റെ മരണശേഷം നടി മീനയ്‌ക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൾ നൈനിക. അഭിനേത്രിയാണെങ്കിലും അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയ്ക്കും ഒരു ജീവിതമുണ്ടെന്നാണ് നൈനിക പറയുന്നത്. സിനിമാ രംഗത്തെ മീനയുടെ 40 വര്‍ഷങ്ങളുടെ ആഘോഷം നടന്ന ചടങ്ങിലായിരുന്നു നൈനിക വൈകാരികമായി സംസാരിച്ചത്.

 

‘‘അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതിനിടയിലാണ് വ്യാജ വാർത്തകൾ എത്തുന്നത്. എനിക്കു വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, അവർക്കും വികാരങ്ങളുണ്ട്’’– നൈനിക പറയുന്നു.

 

കഴിഞ്ഞ വർഷം ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനു പിന്നാലെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നും വാർത്തകൾ പ്രചരിച്ചു. അതിനെക്കുറിച്ചും നൈനിക തുറന്നുപറയുകയുണ്ടായി. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവരിലും വേദന പടർത്തി. ‘‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ...’’ എന്നാണ് നൈനിക പറഞ്ഞത്. നടന്‍ രജിനികാന്ത് ഉള്‍പ്പടെ രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തിയ ചടങ്ങിലാണ് നൈനിക സംസാരിച്ചത്. നൈനികയുടെ വാക്കുകള്‍ കേട്ട് രജനികാന്തും വികാരനിർഭരനായി.

 

മകളുടെ വാക്കുകള്‍ മീനയുടെയും ഉള്ളുലച്ചു. മകളോടൊപ്പം വേദിയില്‍ വന്ന് ഇതേപറ്റി സംസാരിക്കുകയും ചെയ്തു മീന. ‘അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യം തോന്നുന്നു.’ മീന പറഞ്ഞു.

 

മീനയും ബാല താരമായി സിനിമകളില്‍ അഭിനയിച്ച്‌ തുടങ്ങിയ നടിയാണ്. ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തില്‍ മീനയെ ചേര്‍ത്ത് പിടിക്കാന്‍ തമിഴകത്തെ താരങ്ങളെത്തി എന്നത് ശ്രദ്ധേയമാണ്. ദുഃഖങ്ങള്‍ മറന്ന് പഴയ സന്തോഷത്തിലേക്ക് തിരിച്ച്‌ വന്ന് കൊണ്ടിരിക്കുകയാണ് മീന. തന്റെ സുഹൃത്തുക്കളുടെ പിന്തുണയാണ് ആശ്വാസമായതെന്ന് മീനയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.