സൗഹൃദങ്ങള്‍ക്കും മനുഷ്യത്വത്തിനും ഏറെ വിലകല്‍പ്പിച്ചിരുന്ന മലയാളിത്തമുള്ള സിനിമകള്‍ക്ക് ജീവന്‍ നല്‍കിയ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വിടവാങ്ങിയിട്ട് ഒരാണ്ട്. കൂട്ടുകാരായിരുന്നു ജോണ്‍ പോളിനെല്ലാം. അവരില്‍ നിന്ന് സ്വാംശിച്ചെടുത്തത് മാത്രമെ താന്‍ സര്‍ഗസൃഷ്ടിയാക്കിയിട്ടുള്ളു എന്ന് മറയില്ലാതെ പറഞ്ഞുവെച്ചു ജോണ്‍ പോള്‍.
കൂട്ടുകാരൊക്കെ തിരിച്ചറിഞ്ഞ ആ നിറം ജോണും അറിഞ്ഞ് തുടങ്ങിയിട്ട് ഒരാണ്ട് പിന്നിടുന്നു. സൗഹൃദക്കൂട്ടില്‍ നിന്ന് ഒരോരുത്തരായി വിടപറയുമ്പോഴൊക്കെ അവരെക്കുറിച്ച് ഹൃദയം കൊണ്ട് ഒാര്‍മക്കുറിപ്പെഴുതാന്‍ ജോണ്‍ പോള്‍ ഉണ്ടായിരുന്നു. സ്വര്‍ഗത്തിലെ ചങ്ങാതിക്കൂട്ടിലിരുന്ന് ജോണ്‍ നോക്കുന്നുണ്ടാവും എനിക്കാരുണ്ട് ഒാര്‍മ്മക്കുറിപ്പെഴുതാന്‍. ഞങ്ങളുണ്ട്. പ്രിയപ്പെട്ട ജോണ്‍ പോള്‍. അങ്ങ് നല്‍കിയിട്ടുപോയ സര്‍ഗസൃഷ്ടികള്‍ ആസ്വദിക്കുന്ന ഒാരോ മലയാളിയുമുണ്ട്.
കൂട്ടുകാരോട് ഇടപഴകാന്‍ മാസ്മരികമായൊരു സ്നേഹഭാഷയുണ്ടായിരുന്നു ജോണ്‍ പോളിന്. ഒാര്‍മക്കുറിപ്പായാലും വിമര്‍ശനങ്ങളായാലും അത് മുറിവേല്‍ക്കാത്ത മയില്‍പീലി തലോടലായിരുന്നു. പവിയെപ്പറ്റി, നെടുമുടിയെപ്പറ്റി, ഭരതനെപ്പറ്റി, ജോണ്‍ എബ്രഹാമിനേയും ഒടുവിലിനേയും കലാമണ്ഡലം ഹൈദരാലിയെയും പറ്റി ഇത്രമേല്‍ സുന്ദരമായി സംസാരിച്ച മറ്റൊരാളുണ്ടാവില്ല. ജോണിന്റെ തല്ലും തലോടലും ഏറ്റവും നന്നായി അറിഞ്ഞുള്ള കൂട്ടുകാരനാണ് സംവിധായകന്‍ മോഹന്‍.
ചാമരത്തില്‍ തുടങ്ങി മലയാളിയുടെ നവരസങ്ങളേയും അടയാളപ്പെടുത്താന്‍ പോന്ന നിരവധി ചിത്രങ്ങള്‍. കാതോട് കാതോരം,യാത്ര, മാളൂട്ടി, ഇണ, വിട പറയും മുന്‍പേ, പ്രണയമീനുകളുടെ കടല്‍, ഒാര്‍മയുടെ കിളിക്കൂട് പോലെ എത്രയെത്ര രചനകള്‍. സ്കൂള്‍ കാലത്തെ അധികസമയം വായനക്കായി നീക്കിവെച്ച കൊച്ചു ജോണ്‍, എം. എ പാസായി ബാങ്കുദ്യോഗസ്ഥനായെങ്കിലും സിനിമയാണ് കര്‍മപഥം എന്ന് തിരിച്ചറിയുകയായിരുന്നു. തനിക്ക് ചമയ്ക്കാനറിയാത്തവിധം സിനിമയില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം മാറി നിന്നതും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടായിരുന്നു. കാലത്തിന് മുന്നേ നടന്നവരെപ്പറ്റി എഴുതിയ ജോണ്‍ അനശ്വരമായ മറ്റൊരു തട്ടകത്തിരുന്ന് കൂട്ടുകാര്‍ക്കൊപ്പം പുതിയ സൃഷ്ടികളുടെ തിരക്കിലായിരിക്കും.
It's been a year since screenwriter John Paul passed away