ആഷിഖ് അബു ചിത്രം 'നീലവെളിച്ച'ത്തിന്‍റെ റിലീസോടെ വീണ്ടും ചര്‍ച്ചയാകുന്ന ചിത്രമാണ് 'ഭാർഗ്ഗവീനിലയം'. ബഷീറിന്‍റെ നീലവെളിച്ചത്തിന്‍റെ ആദ്യത്തെ ചലച്ചിത്രാവിഷ്കാരം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ പ്രേതപ്പടം അല്ലെങ്കില്‍ ഹൊറര്‍ ചിത്രമാണ് 1964 ല്‍ എ വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം. അതുകൊണ്ടു തന്നെ അവിടെ നിന്ന് ഇങ്ങോട്ട് മലയാള സിനിമയില്‍ കണ്ടുവന്ന പ്രേത സിനിമകളുടെ പല കഥാപാത്ര സംവിശേഷതകളും ഭാര്‍ഗ്ഗവീനിലയത്തില്‍ നിന്ന് ആരംഭിച്ചതാണ്. പ്രേതങ്ങളുടെ വസ്ത്ര ധാരണം ഉള്‍പ്പെടെ.

 

ഒരുകാലം വരെയും മലയാള സിനിമയില്‍ പ്രേതങ്ങളുടെ സ്വന്തം വസ്ത്രമായി മാറിയ വെള്ള വസ്ത്രങ്ങള്‍ ഭാര്‍ഗ്ഗവീനിലയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായാണ് കണക്കാക്കുന്നത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ആയതുകൊണ്ടു തന്നെ സിനിമയിലെ ലൈറ്റിങിന്‍റെ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് അന്ന് ഭാര്‍‌ഗവിയെ വെള്ള വസ്ത്രം ഉടുപ്പിക്കുന്നത്. അതേ വെള്ള വസ്ത്രത്തെ തന്നെ പിന്നീട് മറ്റ് മലയാള സിനിമകളും പിന്തുടര്‍ന്നു പോന്നു. വസ്ത്രത്തില്‍ മാത്രം ഇത് ഒതുങ്ങുന്നില്ല, പ്രേത സിനിമകളിലെ ശബ്ദങ്ങളായി മാറിയ പൊട്ടിച്ചിരിയും ചിലങ്കയുടെ ശബ്ദവും ഓരിയിടലുമെല്ലാം ഭാര്‍ഗവീനിലയത്തിന്‍റെ സംഭാവനയായാണ് കരുതപ്പെടുന്നത്. ചിത്രമാകട്ടെ അന്നത്തെ ഹിറ്റുമായിരുന്നു. വന്‍തോതില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കൂടിയായിരുന്നു ഭാര്‍ഗ്ഗവീചരിതം. ഇതോടെ ഒഴിഞ്ഞു കിടക്കുന്നതോ കാടുമൂടിയതോ ആയ വീടു കണ്ടാല്‍ പോലും ആളുകള്‍ അതിനെ ഭാര്‍ഗ്ഗവീനിലയം എന്ന് വിളിച്ചു തുടങ്ങി. സിനിമ കാണാത്തവര്‍ക്ക് പോലും ആ പേര് സുപരിചിതമായി മാറി. 

 

നീലവെളിച്ചത്തെ വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ കഥയ്ക്കൊപ്പം അവിസ്മരണീയമായി നിന്നത് പി.ഭാസ്‌കരന്‍– ബാബുരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ഗാനങ്ങളാണ്. ചിത്രത്തിലെ ഏഴ് ഗാനങ്ങളും ഇന്നും ജനപ്രിയമാണ് എന്നതാണ് പ്രത്യേകത. കെ.ജെ.യേശുദാസ് ആലപിച്ച ‘താമസമെന്തേ വരുവാൻ...’എസ്.ജാനകി പാടിയ ‘വാസന്തപഞ്ചമി നാളിൽ....,’ ‘അനുരാഗ മധുചഷകം...,’,‘പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു...’,'പൊട്ടിതകർന്ന കിനാവ്' എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.  യേശുദാസ്-പി. സുശീല എന്നിവര്‍ പാടിയ യുഗ്മഗാനം ‘അറബിക്കടലൊരു മണവാളൻ...’കമുകറ പുരുഷോത്തമന്‍റെ മാസ്റ്റർപീസായി കണക്കാക്കുന്ന ‘ഏകാന്തതയുടെ അപാര തീരം...’ എന്നിവയും ഭാര്‍ഗ്ഗവീനിലയം സമ്മാനിച്ച ഹിറ്റുകളായിരുന്നു. ഇവയെല്ലാം മലയാളിയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായി മാറി. 

 

ചിത്രത്തില്‍ ബഷീറായിട്ട് എത്തിയത് മധുവായിരുന്നു. വിജനമായ ഒരു മാളികയിൽ താമസിക്കാൻ എത്തുന്ന ഒരു നോവലിസ്റ്റ് അത് പ്രേതാലയമാണെന്ന് നാട്ടുകാരില്‍ നിന്ന് മനസ്സിലാക്കുകയും അവിടത്തെ വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ഒടുവില്‍ ഭാര്‍ഗവിയുടെ മരണകാരണം കണ്ടെത്തുകയും ചെയ്യുന്നതാണ് കഥാതന്തു. ബഷീറിന്‍റെ തന്നെ മാനറിസങ്ങള്‍ സ്ക്രീനില്‍ എത്തിച്ച് വെള്ളിത്തിരയിലും എഴുത്തുകാരനെ അവിസ്മരണീയമാക്കുകയാണ് മധു ചെയ്തത്. മധുവിനെക്കൂടാതെ ചിത്രത്തില്‍ ഭാര്‍ഗവിയുടെ കാമുകനായിട്ട് എത്തിയത് പ്രേം നസീറായിരുന്നു ഭാര്‍ഗവിയായിട്ട് എത്തിയതാകട്ടെ വിജയ നിർമലയും. വിജയ നിർമലയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഭാര്‍ഗ്ഗവീനിലയം.

 

ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി 1964 ല്‍ ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച് എ വിന്‍സെന്‍റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന കഥ വികസിപ്പിച്ചാണ് ചിത്രം ജനിക്കുന്നതെങ്കിലും ബഷീര്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സിനിമാട്ടോഗ്രാഫർ ആയിരുന്ന എ വിൻസെന്‍റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പി ജെ ആന്റണി, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

 

First Malayalam Horror Film