soori-life-story

ഒരു കല്ലൂരിയിന്‍ കഥൈ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ വേണം. ചെന്നൈ സാലിഗ്രാമത്തിലുള്ള ഓഫിസില്‍ അതിലേക്കുള്ള അഭിമുഖം നടക്കുകയാണ്. ഓടിപാഞ്ഞ് ഓഫിസിലേക്കെത്തിയ ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന് കമഴ്ന്നടിച്ച് വീണു. ചുറ്റും നിന്നവര്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് മുഖത്ത് വെള്ളം തളിച്ച് ചോദിച്ചു. ‘എന്നാച്ച് തമ്പീ..’ പതിഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു. ഒന്നുമില്ലയ്യ, രണ്ടുനാളായി ഭക്ഷണം കഴിച്ചിട്ട്.. അതു സാരമില്ല. ഏത് സീനാണ് അഭിനയിച്ച് കാണിക്കേണ്ടെന്ന് പറഞ്ഞാ മതി. ഞാന്‍ ചെയ്തോളാം. അന്ന് ആ ഓഫിസില്‍ ഉള്ളവര്‍ ഇഡ്ഢലിയും പൊങ്കലും വാങ്ങി നല്‍കി അവന്റെ വിശപ്പുമാറ്റി തിരിച്ചയച്ചു. വര്‍ഷങ്ങള്‍ പലത് കടന്നുപോയി. അന്ന് ബോധം കെട്ടുവീണ ആ ഓഫിസ് ഇന്ന്  അവന്റെ പേരിലാണ്. ചോദിച്ച വില കൊടുത്ത് അത് സ്വന്തമാക്കി. പട്ടിണി കിടന്ന്, കണ്ണീര്‍ കുടിച്ച്, വിശപ്പുമാറ്റാന്‍ എല്ലാ പണിയും ചെയ്​ത ആ യുവാവ് പിന്നീട് ഒരുപാട് ചിരിപ്പിച്ചു. ഇപ്പോള്‍ വിടുതലൈയിലൂടെ നായകനായി അമ്പരപ്പിക്കുന്നു. രാമലക്ഷ്മണന്‍ മുത്തുസ്വാമി എന്ന സൂരി മുത്തുസ്വാമി.

 

അണ്ണാ, നിങ്ങള്‍ എന്ത് വിശ്വസിച്ചാണ് എന്നെ നായകനാക്കുന്നത്,  ഇത്രമാത്രം കോടികള്‍ ഈ പടത്തിന് മുടക്കുന്നത്. ഞാന്‍ വെറുമൊരു കോമഡി നടനല്ലേ.. ഇതായിരുന്നു വിടുതലൈ സിനിമയിലേക്ക് സൂരിയെ വിളിക്കുമ്പോള്‍ വെട്രിമാരന് ലഭിച്ച മറുപടി. ഇല്ലെടാ ഇത് പൊലീസിലേക്ക് പുതിയതായി ചേര്‍ന്ന ഒരാളുടെ ജീവിതത്തിലൂടെ കഥ പറയുന്ന സിനിമയാണ്. നിന്റെ ശരീരം അതിന് പറ്റിയതാണ്. ട്രെയിനിങ് കഴിഞ്ഞിറങ്ങിയ ഒരു പൊലീസുകാരന്റെ വേഷത്തിന് പറ്റിയത്. നീ കോമഡി നടന്‍ മാത്രമല്ല അസാധ്യ നടനാണ്. വെട്രിയുടെ മറുപടി.

 

ആ കരുത്തില്‍ വിടുതലൈ തുടങ്ങി. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഒരുദിവസം രാവിലെ ആറുമണിക്ക് ഒരു ഫോണ്‍കോള്‍. സൂരി ഫോണെടുത്തു. എടാ മാമാ എന്ന് വിളിച്ച് അഞ്ചാറ് ഉമ്മ. ഈ ഉമ്മ എന്തിനാണെന്ന് അറിയാമോ, എടാ മാമാ ഇന്നലെ വെട്രിസാര്‍  നമ്മുടെ പടത്തിന്റെ നിന്റെ കുറച്ച് സീനുകള്‍ കാണിച്ചുതന്നു. ഡേയ്, ഐ ലവ് യു ഡാ, സൂപ്പര്‍ ഡാ, അദ്ഭുതം ആണെടാ.. നിന്നോട് ഞാന്‍ ആദ്യ പടത്തിന്റെ സെറ്റില്‍ വച്ചു പറഞ്ഞതല്ലേ. മാമാ നീ കോമഡി നടന്‍മാത്രമല്ല. ഗംഭീരനടനാണ്. ഈ പടം അത് മക്കള്‍ക്ക് മുന്നില്‍ തെളിയിക്കും.. നന്‍ട്രി മാമാ. എന്ന് പറഞ്ഞ് നിറകണ്ണോടെ സൂരി ആ ഫോണ്‍ വച്ചു. വെളുപ്പിനെ വിളിച്ചുണര്‍ത്തി ഉമ്മ കൊടുത്ത് വാഴ്ത്തിയ ആ നടന്റെ പേര് വിജയ് സേതുപതി.

 

പിന്നീട് വിടുതലൈ തിയറ്ററിലെത്തി. അതുവരെ ചിരിപ്പിക്കാന്‍ മാത്രം വന്നിരുന്ന സൂരി അടിമുടി മാറി ഞെട്ടിച്ച പ്രകടനം. അഭിനയം കൊണ്ട് ശരീരം കൊണ്ട് കുമരേശന്‍ എന്ന കഥാപാത്രത്തെ അതിഗംഭീരമാക്കി സൂരി. ഇന്ന് തിയറ്ററിന് മുന്നില്‍ കട്ടൗട്ടുകളുയര്‍ത്തി തമിഴ് മക്കള്‍ ആ നടനെ വരവേല്‍ക്കുന്നു. എന്നാ നടിപ്പാ.. എന്ന് ആര്‍ത്തുവിളിക്കുന്നു. നായകനായ ആദ്യ ചിത്രം തന്നെ കോടിക്കണക്കില്‍ ബോക്സോഫീസിനെ അമ്പരപ്പിക്കുന്നു.

 

ഹലോ, യാര്.. ആ അമ്മ ചോദിച്ചു. അമ്മാ ഞാന്‍ സൂരിയാണ്. അമ്മയുടെ കണ്ണു നിറഞ്ഞു. കാരണം ആ മകന്‍ അഞ്ചുവര്‍ഷമായി എവടെയാണെന്ന് ആ അമ്മയ്ക്ക് അറിയില്ലായിരുന്നു. പട്ടിണി കൂടിയപ്പോള്‍ കുടുംബം നോക്കാന്‍ നാടുവിട്ടുപോയതാണവന്‍. മോനെ, നീ എവിടാടാ, സുഖമാണോടാ, നീ വല്ലതും കഴിച്ചോടാ എന്ന് ആ അമ്മ ചോദിച്ചു. ഇല്ല അമ്മ പണിയൊന്നുമായില്ല. ഞാന്‍ കഴിച്ചില്ല. പൈപ്പ് വെള്ളം കുടിച്ച് കിടക്കും അമ്മാ.. മകന്റെ ഈ മറുപടി കേട്ടതും ആ അമ്മ അവിടെ തന്നെ തലകറങ്ങി വീണു.. ആ അമ്മയാണ് ഇന്ന് സൂരിക്ക് എല്ലാം. പെപ്പ് വെള്ളം കുടിച്ച് പട്ടിണി മാറ്റുമ്പോഴും നല്ല ഒരു കാലം സ്വപ്നം കണ്ട് ഉറങ്ങിയ ഒരു ചരിത്രം കൂടിയുണ്ട് ഈ നടനെ കുറിച്ച് പറയാന്‍.

 

‘എന്റെ അപ്പ നാട്ടുക്ക് രാജ, ആനാ വീട്ടുക്ക് അപ്പിടിയല്ലേ..’ആറ് മക്കളുള്ള വീടിനെ കുറിച്ച് അച്ഛന് വലിയ ആലോചനകള്‍ ഇല്ലായിരുന്നു. സുഖിമാനായ മനുഷ്യന്‍. അസാധ്യ ഹ്യൂമര്‍സെന്‍സ്. അച്ഛന്റെ ഹ്യൂമറിന്റെ 20 ശതമാനം പോലും എനിക്ക് കിട്ടിയിട്ടില്ലെന്ന് സൂരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന്‍ ഉത്തരവാദിത്തം മറന്നപ്പോള്‍ അമ്മ ആ മക്കളെ പോറ്റാന്‍ പണിക്ക് ഇറങ്ങി. കൂലിവേല ചെയ്ത് മക്കളുടെ അരപട്ടിണി മാറ്റി കണ്ണീര്‍ കുടിച്ച കാലം. എഴാം ക്ലാസ് ആയപ്പോള്‍ സൂരി പഠിപ്പ് നിര്‍ത്തി. മധുരയിലെ ആ ചെറിയ ഗ്രാമത്തില്‍ പണിക്ക് ഇറങ്ങി. ചായക്കടയില്‍ ജോലി ചെയ്തു. ചായ ഗ്ലാസ് കഴുകി, ബഞ്ച് തുടച്ചു. പൊറോട്ട അടിക്കാന്‍ പഠിച്ചു, ലോറികളില്‍ ക്ലീനറായി പോയി, പെയിന്റ് പണിക്ക് പോയി. ആ ചെറുപ്രായത്തില്‍ വല്ലാതെ കഷ്ടപ്പെട്ടു. ഒരു രൂപ മാത്രം കൂലി കിട്ടിയ ദിവസങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്ത് കിട്ടിയാലും അത് അതുപോലെ അമ്മയുടെ കയ്യില്‍ െകാണ്ട് െകാടുക്കുമായിരുന്നു. അപ്പോഴും സഹോദരങ്ങളെ പഠിപ്പിക്കാനും അവന്‍ ശ്രമിച്ചു. നാട്ടില്‍ ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്ന് കരുതി 96ല്‍ ചെന്നൈയ്ക്ക് ആരോടും പറയാതെ വണ്ടി കയറി. നല്ല ജോലി, നല്ല വരുമാനം, കുടുംബത്തിന്റെ പട്ടിണി മാറ്റണം, നാട്ടില്‍ നാടകത്തിലൊക്കെ അഭിനയിച്ച പരിചയം ഉള്ളില്‍ ഒരു സിനിമാമോഹവും ഉണര്‍ത്തി. അങ്ങനെ ചെന്നൈയ്ക്ക് വണ്ടി കയറി. വിശപ്പ് മാറ്റാന്‍ അറിയാവുന്ന പണികള്‍ക്കൊക്കെ പോയി. ചെറിയ റൂമില്‍ കഴിഞ്ഞിരുന്ന ചങ്ങാതി സിനിമയില്‍ ആര്‍ട്ട് ഡയറക്ടറുടെ കൂടെയാണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞ് അവനോട് ആദ്യം ചാന്‍സ് ചോദിച്ചു. ആര്‍ട്ട് വര്‍ക്കിന്റെ ജോലിക്ക് ചേരുന്നു. കൂലിയല്ല മറിച്ച് ഭക്ഷണം കഴിക്കാമല്ലോ എന്നായിരുന്നു അന്നത്തെ ചിന്ത. സെറ്റുകള്‍ തയാറാക്കലും പെയിന്റ് അടിയുമായി നാളുകള്‍ തളളി നീക്കി. ഇതിനിടെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് പലയിടത്തും കയറിയിറങ്ങി. പട്ടിണിക്കോലത്തിലുള്ള യുവാവിനെ പലരും അപമാനിച്ചുവിട്ടു.

 

വിശപ്പ് മാറ്റാനുള്ള അന്നം ഉന്നമായവന് അപമാനം നോവിക്കുന്നതെങ്ങനെ.. 13 വര്‍ഷത്തെ അലച്ചിലിന് ശേഷം മന്ദിര വാസല്‍ എന്ന സീരിയലില്‍ ഒരു കള്ളന്‍വേഷത്തില്‍ മുഖം കാണിച്ചു. പിന്നീട് മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായി. ഗൗണ്ടമണിയുടെ കാലില്‍ വീണ് അയ്യാ ദൈവമേ എന്ന് വിളിക്കുന്ന സീനിലൂടെ വെള്ളിത്തിരയില്‍ സൂരിയുടെ ശബ്ദം ആദ്യമായി തൊട്ടു. 2009ല്‍ ഇറങ്ങിയ വെണ്ണിലാ കബഡി കുഴു എന്ന സിനിമ സൂരിയുടെ തലവര തെളിയിച്ചു. പൊറോട്ട കഴിക്കുന്ന സീന്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. അങ്ങനെ തമിഴകം ആ നടനെ പൊറോട്ട സൂരി എന്ന് സ്നേഹത്തോടെ വിളിക്കാന്‍ തുടങ്ങി. ഒരിക്കല്‍ ജീവിക്കാന്‍ വേണ്ടി അടിച്ച പൊറോട്ട പിന്നീട് ജീവിതത്തില വഴിത്തിരിവായെന്ന് പറയാം.

 

 

പിന്നീട് തുടരെ തുടരെ ചിത്രങ്ങള്‍. തമിഴകത്തെ ഹാസ്യ നടന്‍മാരുടെ കൂട്ടത്തിലേക്ക് സൂരി ചിരിച്ചു കയറിയ വര്‍ഷങ്ങള്‍. പോരാളി, കലവാണി, നാന്‍ മഹാന്‍ അല്ലൈ, ആടുപുലി, തൂങ്കാ നഗരം, മനം െകാത്തി പറവൈ, സുന്ദരപാണ്ഡ്യന്‍, കേഡി ബില്ല കില്ലാടി രംഗ, വരുത്തപ്പെടാത്ത വാലിബര്‍ സംഘം, പാണ്ഡ്യനാട്, രജനി മുരുകന്‍, നമ്മ വീട്ടുപിള്ളൈ, അണ്ണാത്തൈ, ഡോണ്‍, പ്രിന്‍സ് അങ്ങനെ ഹിറ്റുകളുടെ നിര. ശിവകാര്‍ത്തികേയനുമായുള്ള വെള്ളിത്തിര പൊരുത്തം സൂരിയെ ഉയരങ്ങളിലേക്കെത്തിച്ചു. അവര്‍ ഒരുമിച്ച് തുടങ്ങി, ഒരുമിച്ച് വാണ ചിത്രങ്ങളേറെ. ഇന്നും ആ സൗഹൃദം തമിഴകത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ ഒരുപാട് കണ്ണീര്‍ കുടിച്ചത് കൊണ്ടാകണം സൂരി പടര്‍ത്തിയ ചിരിക്ക് മാറ്റു കൂടുതലായിരന്നു. സിക്​സ് പായ്ക്കുള്ള ആ കോമഡി നടനില്‍ നിന്ന് 40 കോടി ബജറ്റില്‍ ഒരുക്കിയ വിടുതലൈയില്‍ നായകനായി അതിഗംഭീര പ്രകടനം െകാണ്ട് കയ്യടി വാങ്ങിക്കുമ്പോള്‍ അനുഭവങ്ങളുടെ കാമ്പുള്ള ഈ നടന്‍ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവിലാണ്.

 

ഒരു രൂപാ ശമ്പളത്തിന് വരെ ജോലി ചെയ്തവന്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് പണിയില്ലാതെ ഇരുന്ന തന്റെ 400 തൊഴിലാളികള്‍ക്ക് ഒരുമാസത്തെ ശമ്പളം സൗജന്യമായി നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. വിശപ്പിന്റെ നോവ് ഒരുപാട് അറിഞ്ഞു വളര്‍ന്ന മധുരയില്‍ അയ്യന്‍–അമ്മന്‍ ഹോട്ടല്‍ ശൃംഖല തന്നെ ഇന്ന് സൂരിക്ക് സ്വന്തമായുണ്ട്. ഏത് കയറ്റത്തിനും ഒരു ഇറക്കമുണ്ട് എന്ന് പറയുന്ന പോലെയാണ് ഈ നടന്റെ ജീവിതം. കഴിഞ്ഞുപോയ കാലത്തിന്റെ നോവുകളെ കഥാപാത്രങ്ങളോട് ചേര്‍ത്തുവച്ച് ചിരിപ്പിച്ചു. ആ ചിരിയുടെ ഇങ്ങേയറ്റത്ത് ഒരു നായകന്‍ ഉദിച്ചുയരുന്നുണ്ട്. മടുത്തുതുടങ്ങിയ പതിവുചിരി വേഷങ്ങളില്‍ നിന്ന് കൂടി ഒരു ‘വിടുതലൈ’ പ്രഖ്യാപിച്ച് സൂരി പുതിയ തിരജീവിതം കുറിച്ചിരിക്കുന്നു,  തനി തമിഴന്റെ ഉടലും ഉശിരുമായി ഈ നടന്‍ ഏറെ ദൂരം നടക്കുമെന്ന് ഉറപ്പ്.