71കാരനില്‍നിന്ന് നൂറുവയസ്സുകാരനായി വിജയരാഘവന്റെ മേക്കോവര്‍. ‘പൂക്കാലം’ എന്ന ചിത്രത്തിനായി വിജയരാഘവനെ നൂറ് വയസ്സുകാരനാക്കുന്ന മേക്കപ്പ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രമാണ് ‘പൂക്കാലം’. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പായി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 71 വയസ്സുകാരനായ വിജയരാഘവനെ 100 വയസ് പ്രായത്തിലേക്ക് എത്തിക്കാനുള്ള മേക്കപ്പിനായി ചിത്രീകരണത്തില്‍ പങ്കെടുത്ത ദിവസങ്ങളിലൊക്കെ നാലര മണിക്കൂറാണ് വേണ്ടിവന്നതെന്ന് അണിയറക്കാര്‍ പറയുന്നുണ്ട്. 25 ദിവസമായിരുന്നു വിജയരാഘവന്റെ ഷൂട്ട്. മലയാള സിനിമ മേക്കപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമീപകാലത്ത് ആര്‍ജ്ജിച്ചിരിക്കുന്ന മികവിന്റെ അടയാളം കൂടിയാവുന്നു വിജയരാഘവന്റെ ഇട്ടൂപ്പ്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ‘‘പൂക്കാലത്തിന് ഇട്ടൂപ്പായി വിജയരാഘവൻ അങ്കിളിന്റെ രൂപമാറ്റം..’’ എന്ന അടിക്കുറിപ്പോടെ വിനീത് ശ്രീനിവാസനും വിഡിയോ പങ്കുവച്ചിട്ടുണ്ട്.