വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നുള്ള ബിജെപി സ്ഥാനാർഥിയായി നടന്‍ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും താരം വ്യക്തമാക്കി.

 

‘ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതെല്ലാം വ്യാജമാണ്. പുതിയ ചിത്രമായ ‘ഗന്ധർവ ജൂനിയറി’ന്റെ തിരക്കിലാണ് ഇപ്പോൾ. വലിയ ഷെഡ്യൂളാണത്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു.രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോട് എന്നും ബഹുമാനമാണ്. ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ല’– എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

 

 Actor Unni Mukundan refuses news regarding his political entry