പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും സൂചിപ്പിക്കുന്ന സിനിമ ബി 32 മുതൽ 44 വരെ ഇന്ന് തിയറ്ററുകളിൽ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിന്‍റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാൻസ്മാൻ്റെയും കഥയാണ് ബി 32 മുതൽ 44വരെ പറയുന്നത്. സ്ത്രീകളുടെ വീക്ഷണത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. തികച്ചും ഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെൺകഥാപാത്രങ്ങളെ രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവർ അവതരിപ്പിക്കുന്നു. സ്വന്തം ശരീരത്തിന്റെ പേരിൽ ഒരിക്കലെങ്കിലും മോശമായ കമന്റുകളോ, സ്പർശമോ, മാറ്റി നിർത്തലുകളോ നേരിടേണ്ടി വരാത്ത സ്ത്രീകളില്ലെന്നതും ആ ഏറ്റക്കുറച്ചിലുകളിൽ മാത്രം സ്ത്രീയെ അളക്കുന്ന സമൂഹമുണ്ടെന്നതുമാണ് സിനിമയുടെ ആശയത്തിന്റെ അടിത്തറ.
അഞ്ച് സംവിധാനസഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. ആലപ്പുഴ വനിത ചലച്ചിത്ര മേളയിൽ കയ്യടി നേടിയ ചിത്രം വലിയ പ്രതീക്ഷയുമായാണ് തിയറ്ററുകളിലെത്തുന്നതും.
Kerala State Film Development Corporation movie b 32 Muthal 44 in theaters