താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ തെന്നിന്ത്യൻ താരം മീന. തന്റെ ഭർത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇത്തരമൊകു കഥ പരത്തുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും മീന പറഞ്ഞു. ‘വിദ്യാസാഗറിന്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുൻഗണന . കൂടാതെ നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കും’- മീന പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ആണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്.