'കലാകാരിയായുള്ള ജീവിതം സത്യത്തിൽ എനിക്കൊരു സെലിബ്രേഷനാണ്. ഈ ജീവിതം തിരിച്ചുകിട്ടുകയാണെങ്കിൽ ഞാനിത് തന്നെ തിരഞ്ഞെടുക്കും. '. തന്റേത് കലാജീവിതമാണെന്ന് ഉറപ്പിച്ച, അതിനായി ഏതറ്റം വരെയും പരിശ്രമിക്കുന്ന, ചലഞ്ചുകൾ ഏറ്റെടുക്കുന്ന, അരങ്ങ് ഉത്സവമാക്കുന്ന, മലയാളികൾ ആഘോഷമാക്കിയ 'നടനശോഭന'.
ശ്രീഹള്ളിയുടെ കഥ പറഞ്ഞ കാർത്തുമ്പി, ഗംഗയും നാഗവല്ലിയുമായി പകർന്നാടിയ മണിച്ചിത്രത്താഴ്, ഇന്നലെകളെ പറ്റി മറന്നുപോയ പദ്മരാജന്റെ മായ, ചിരിപ്പിച്ച്, പ്രണയിച്ച്, ഒടുവിൽ നോവായി മാറിയ മിന്നാരത്തിലെ നീന... അങ്ങനെ മലയാളികൾ ഓർമയിൽ ഇപ്പോഴും സൂക്ഷിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ. ചിരിയിലൂടെയും നോട്ടത്തിലൂടെയും ശോഭന പകർന്ന ഭാവങ്ങൾക്ക്, കണ്ണുകളിൽ വിരിയുന്ന ഭാവഭേദങ്ങൾക്ക് ഇന്നും നിത്യയൗവ്വനം.