മുപ്പതു വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷം കിട്ടിയതിന്റെ ത്രില്ലിലാണ് നടി ശ്വേത മേനോന്‍. നവാഗതസംവിധായകനായ അനില്‍ കുമ്പാഴയുടെ പള്ളിമണി എന്ന ചിത്രത്തില്‍ വിക്ടോറിയ എന്ന മുഴുനീള വില്ലന്‍ വേഷം. പരിമിതികള്‍ക്കുള്ളില്‍ നിന്നും പൂര്‍ത്തീകരിച്ച ചിത്രത്തില്‍ നടി നിത്യാദാസിന്റെ തിരിച്ചു വരവ് കൂടി കാണാം. പള്ളിമണി റിലീസിനു മുന്‍പ് നേരിട്ട വിഷമതകള്‍, സിനിമാ രംഗത്തെ പുതിയ പ്രമോഷന്‍ രീതികള്‍ തുടങ്ങിയവയെക്കുറിച്ച് ശ്വേത തുറന്നു പറയുന്നു
വിക്ടോറിയയെക്കുറിച്ച്...?
ആദ്യത്തെ രണ്ടു ദിവസം കുറച്ചു ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കണ്ണുകള്‍ ചുവന്നു വരിക, തലവേദന, അസ്വസ്ഥത തുടങ്ങിയവയുണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ ഒരു ഊര്‍ജം ശരീരത്തിലേക്കും മനസിലേക്കും പ്രവഹിക്കുകയായിരുന്നു. നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ആദ്യമായിട്ടാണ് ചെയ്യുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകളില്ലായിരുന്നു. സംവിധായകന്‍ അനില്‍ എന്താണ് വേണ്ടതെന്നു വ്യക്തമായി പറഞ്ഞു തന്നു. അനിലിനെപ്പോലൊരു പുതുമുഖസംവിധായകന്റെ കൂടെ വര്‍ക് ചെയ്യാനായത് ഭാഗ്യമായി കരുതുന്നു. തമിഴിലും തെലുങ്കിലുമൊക്കെ പോകാന്‍ സാധ്യതയുള്ള ചെറുപ്പക്കാരന്‍. ഇതൊരു തുടക്കമാകട്ടെ.
നെഗറ്റീവ് കഥാപാത്രം സ്വീകരിക്കാന്‍ മടിയുണ്ടായിരുന്നോ ?
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് എനിക്കു കിട്ടിയിട്ടുള്ളത്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞാന്‍ ബോണ്‍ ആക്ട്രസ് അല്ല. മറിച്ച് സംവിധായകന്‍മാരുടെ നടിയാണ്.
പുതുമുഖ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിമുഖതയുണ്ടോ ?
ഇല്ല. ഞാനും ഒരു കാലത്തു പുതുമുഖമായിരുന്നല്ലോ. അതൊന്നും മറക്കില്ല. ഇന്നു കാണുന്നയാള്‍ നാളെ എന്തായിത്തീരുമെന്നു പറയാനാകില്ല. ഒരു സംവിധായകന്‍ എന്നെ സമീപിക്കുമ്പോള്‍ കഴിവുണ്ടോ എന്നൊന്നും നോക്കില്ല. ഒരു എനര്‍ജി, അല്ലെങ്കില്‍ ഈ വ്യക്തിയുമായി സിങ്ക് ആകുമെന്നു തോന്നിയാല്‍ എനിക്ക് അത് മതി. അത് റിസ്കാണോ എന്നു ചോദിച്ചാല്‍ റിസ്ക് തന്നെ.
റിലീസിനു മുന്‍പ് വിവാദങ്ങള്‍ ?
ഒരു ചുമരിലെ പോസ്റ്ററുകള്‍ കേടുവരികയാണെങ്കില്‍ എല്ലാ പോസ്റ്ററുകളും നശിക്കും. ഇത് പള്ളിമണി എന്ന സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയത് . ഇരുവശങ്ങളിലുമുള്ള പോസ്റ്ററുകള്‍ക്കും ഒരു കുഴപ്പവുമില്ല. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്. റിലീസിനു മുന്‍പ് ചിലരുടെ മുന്നറിയിപ്പ് വന്നു. റിലീസാകുമ്പോള്‍ മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന്. ഇതിന്റെയെല്ലാം വോയ്സ് ക്ലിപ്പ് കയ്യിലുണ്ട്. സിനിമാമേഖലയില്‍ പുതിയ ചില പ്രവണതകള്‍ വന്നിട്ടുണ്ട്. വിലപേശല്‍ രീതി. ചില തിയറ്ററുകള്‍ വിളിച്ചു പറയും , ഈ സിനിമയ്ക്കു കുറച്ചു പേരെ ഞങ്ങള്‍ കയറ്റിത്തരാം, ഇത്ര പണം വേണമെന്ന്. ഷോക്കായിപ്പോയ അനുഭവമായിരുന്നു ഇത്.
സിനിമ റിലീസാകുന്നതിനു മുന്‍പ് തന്നെ റിവ്യൂ വരുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. ഓണ്‍ലൈന്‍ പ്രമോഷനുകള്‍ക്കു എതിരല്ല ഞാന്‍. ഒന്നിനേയും നെഗറ്റീവായി ഞാന്‍ കാണുന്നില്ല. സൂപ്പര്‍താരങ്ങളുടെയും പുതുമുഖങ്ങളുടേയും സിനിമയെ ഒരേ തലത്തില്‍ കാണരുത്. ചെറിയ സിനിമകളുടെ പ്രമോഷനുകള്‍ക്കു സാമ്പത്തിക പരിമിതികളുണ്ടാകും. സോഷ്യല്‍മീഡിയ അനിവാര്യമാണ്. പക്ഷെ ബുദ്ധിമുട്ടിക്കരുത്. സിനിമയെ സിനിമയായി കാണുക. നമ്മളും ഒന്നു വളര്‍ന്നോട്ടെ.
മലയാള സിനിമ ശ്വേതയെ വേണ്ടവിധം ഉപയോഗിച്ചില്ലെന്നു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്
ടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പള്ളിമണി കണ്ട് ചിലര്‍ വിളിച്ചു. എന്നാല്‍ ഇനി ഇത്തരം ചിത്രങ്ങള്‍ ചെയ്യില്ല. ചില കഥപാത്രങ്ങളിലേക്ക് മാത്രമായി ഒതുക്കരുത്.