jnr-ntr

മുത്തച്ഛൻ തെലുങ്കരുടെ ദൈവമാണ്. സിനിമയിലും രാഷ്ട്രീയത്തിലും. അച്ഛനും ചെറിയച്ഛനും ബന്ധുക്കളുമെല്ലാം മുത്തച്ഛന്റെ പാരമ്പര്യം കാക്കുന്നു. പിന്നെ കൊച്ചുമകന്‍ ആ വഴിയില്‍ ആയതിൽ അമ്പരപ്പ് എന്തിന്. എന്നാൽ കഷ്ടപ്പെടാതെ നൂലിൽ കെട്ടി വെള്ളിത്തിരയിലേക്ക് നേരിട്ടിറക്കിയ കഥയല്ല ജൂനിയർ എൻടിആറിന്റേത്. ഇന്ന് ഓസ്കറിന്റെ പടിവാതിലിൽ വരെ എത്തിനിൽക്കുന്ന ചിത്രത്തിലെ നായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ജാപ്പനീസ്.. അങ്ങനെ രാജ്യത്തിന് അകത്തും പുറത്തും ജൂനിയർ എൻടിആർ ആവേശമാണ്. തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിൽ ഒരാൾ. തടിച്ചുരുണ്ട ഒരു പയ്യനായി വന്നപ്പോൾ കളിയാക്കിയവരും ഇവനും ഹീറോയോ എന്ന് ചോദിച്ചവരും വാ െപാത്തിപ്പോയത് അവന്റെ ഡാൻസ് കണ്ടായിരുന്നു. ഇന്നും നാട്ടുനാട്ടു കേൾക്കുമ്പോൾ ജൂനിയർ എൻടിആറിന്റെ ചുവടും ആ എനർജിയും പാട്ടോളം തന്നെ കരുത്ത് കാണുന്നവരിലും ഉണർത്തുന്നുണ്ട്. പുതുക്കി പുതുക്കി തന്നിലെ നടനെയും പേരിനെയും വാനം മുട്ടെ ഉയര്‍ത്തുന്നു ഈ നടൻ..

 

എൻ.ടി രാമറാവു. ആന്ധ്രാപ്രദേശിന്റെ എല്ലാമെല്ലാം. തമിഴർക്ക് എംജിആർ എങ്ങനെയാണോ അതുപോലെയാണ് തെലുങ്കർക്ക് ഈ എൻടിആർ. ആ പേരിനോടും മനുഷ്യനോടും തെലുങ്കർക്കുള്ള കടമയും ബഹുമാനവും പറഞ്ഞ് അറിയിക്കാൻ കഴിയുന്നതല്ല. ആ പേര് തന്നെയായിരുന്നു താരകിന്റെ ആദ്യത്തെ വലിയ ഉത്തരവാദിത്തം. താരക് എന്നായിരുന്നു ആദ്യ വിളിപ്പേര്. ഒരിക്കൽ മുത്തച്ഛൻ അവനോട് പറഞ്ഞു. നിനക്ക് എന്റെ അതേ ഛായയാണ്. അതേ രൂപമാണ്.  ഇനി നീ നന്ദമൂരി താരക രാമറാവു ജൂനിയർ ആണ്. ജൂനിയർ എൻടിആർ. തന്റെ പിൻമുറക്കാരനായി എൻടിആർ ആ കൊച്ചുമകനെ അന്ന് വാഴ്ത്തുമ്പോൾ മനസ്സിൽ കണക്കുകൂട്ടിയിരിക്കാം പതിറ്റാണ്ടിന് ശേഷം അവൻ തന്നോളം പോന്ന നടനാകുമെന്ന്. അല്ലെങ്കിൽ തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത് അവനിലൂടെ നേടുമെന്ന്. ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയുടെ മകന്റെ മകനായി ജനിച്ചുവീണെങ്കിലും അത്ര സുഖകരമായ ബാല്യമായിരുന്നില്ല ജൂനിയർ എൻടിആറിന് വിധി കാത്തുവച്ചിരുന്നത്.

 

അച്ഛൻ നന്ദമൂരി ഹരികൃഷ്ണയുടെ രണ്ടാം വിവാഹത്തിലെ മകനാണ് താരക്. ഹരികൃഷ്ണയും സംഗീതാധ്യാപികയായിരുന്ന ശാലിനിയും തമ്മിലുള്ള പ്രണയ ബന്ധത്തോട്  കുടുംബത്തിന് എതിർപ്പായിരുന്നു. ആ ബന്ധത്തെയോ വിവാഹത്തെയോ മക്കളെയോ അംഗീകരിക്കാൻ ആദ്യം കുടുംബം തയാറായിരുന്നില്ല. എന്നാൽ മുത്തച്ഛൻ എൻടിആറിന് ഏറെ പ്രിയമായിരുന്നു ഇവരോട്. സിനിമയിൽ താരകിനെ തന്റെ പിൻമുറക്കാരനാനാക്കി മനസ്സുെകാണ്ട് അദ്ദേഹം ഉറപ്പിച്ചു.

 

1991ൽ പുറത്തിറങ്ങിയ ബ്രഹ്മശ്രീ വിശ്വാമിത്ര എന്ന സിനിമയിൽ ബാലതാരമായി ഏഴാം വയസ്സിൽ എൻടിആറിന്റെ അനുഗ്രഹത്തോടെ ജൂനിയർ എൻടിആർ സിനിമയിലെത്തി. പിന്നീട് 1997ൽ ബാലരാമായണം എന്ന സിനിമയിലും മുഖ്യവേഷത്തിലെത്തി. ഈ ചിത്രം ദേശീയ പുരസ്കരവും നേടി. കുച്ചിപ്പുഡി, ഭരതനാട്യം എന്നിവയിലും ജൂനിയർ എൻടിആർ തിളങ്ങിയ കൗമാരകാലം. എന്നാൽ എൻടിആറിന്റെ മരണശേഷം വലിയ ഒരു തണൽ അവന് നഷ്ടമായി. പിന്നീട് സ്വയം അധ്വാനിച്ച് നിലനിൽക്കാനുള്ള പോരാട്ടം. 18 വയസ്സ് മുതൽ സിനിമയിൽ ചാൻസ് ചോദിച്ച് അലഞ്ഞു. മുത്തച്ഛന്റെ പേര് പലപ്പോഴും തുണയായെങ്കിലും അവന്റെ തടിച്ച ശരീരം വലിയ പരിഹാസങ്ങൾക്കും ഇരയായി. അപ്പോഴും അവന്റെ ചുടുകളിൽ ആരും കുറ്റം പറഞ്ഞില്ല. സ്ക്രീനിലെ എനർജിയിൽ ആർക്കും തർക്കമുണ്ടായില്ല.

 

അങ്ങനെ 2001ൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ജൂനിയർ എൻടിആർ നായകനായി. സ്റ്റുഡന്റ് നമ്പർ വൺ. ഈ സിനിമ തിയറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു സിനിമയാണ് അദ്ദേഹത്തിന്റേതായി റിലിസായത്. നിന്നു ചൂടലാനി. പക്ഷേ ഈ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ വന്ന രാജമൗലിയുടെ സ്റ്റുഡന്റ് നമ്പർ വൺ വമ്പൻ ഹിറ്റായി. ആ കൂട്ടുകെട്ടാണ് ഇന്ന് ആർആർആർ വരെ എത്തിനിൽക്കുന്നത്. ആദി എന്ന സിനിമ ജൂനിയർ എൻടിആറിനെ തെലുങ്കിലെ സൂപ്പർതാരമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉപേക്ഷച്ച സിംഹാദ്രി എന്ന സിനിമ രാജമൗലി എൻടിആറിനെ വച്ച് ചെയ്്ത് വമ്പൻഹിറ്റ്. ഇതോടെ തന്റെ 20–ാം വയസ്സിൽ തെലുങ്ക് ബോക്സോഫീസ് രാജാവായി ജൂനിയർ എൻടിആർ മാറി. ഇതോടെ അതുവരെ അംഗീകരിക്കാതെ ഇരുന്ന നന്ദമൂരി കുടുംബവും ജൂനിയർ എൻടിആറിനെ ചേർത്തുപിടിക്കാൻ തുടങ്ങി.

 

 

ഹിറ്റുകളും ഇടയ്ക്ക് വമ്പൻ ഫ്ലോപ്പുകളുമായി പിന്നെയും വർഷങ്ങൾ. നിരനിരയായി പടങ്ങൾ പരാജയപ്പെട്ട വർഷങ്ങളില്‍‌ ഫീൽഡ് ഔട്ടിന്റെ വക്കോളമെത്തി. തെലുങ്കിലെ പുത്തൻ താരങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയാതെ ജൂനിയർ എൻടിആർ കിതച്ചു. മനസ്സ് മടുത്തിരുന്ന സമയത്താണ് രാജമൗലിയുടെ വാക്കുകൾ കരുത്താകുന്നത്. തടി കുറയ്ക്കാതെ പുത്തൻ മേക്കോവറിൽ വരാതെ ഇനി നിനക്ക് ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന രാജമൗലിയുടെ ഉപദേശം ജൂനിയർ എൻടിആറിനെ അടിമുടി മാറ്റി. മാസങ്ങൾ നീണ്ട കഠിനപരിശ്രമത്തിൽ തടി കുറച്ച്, ശരീരം ഫിറ്റാക്കി തെന്നിന്ത്യയുടെ മനം കവരുന്ന രൂപത്തിൽ പുതിയ അവതരമായി എത്തിയ ടെമ്പർ എന്ന സിനിമ ജൂനിയർ എൻടിആറിന്റെ കരിയറിലെ നാഴികകല്ലായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജനതാഗാരേജ് അടക്കമുള്ള ചിത്രങ്ങളിലൂടെ നമ്മുടെ മോഹൻലാലിന്റെ കൈപിടിച്ച് മലയാളി മനസ്സിലും ഈ നടൻ സ്ഥാനം ഉറപ്പിച്ചു. രാജമൗലിയിലുള്ള വിശ്വാസത്തിൽ ആർആർആർ കാണാൻ ടിക്കറ്റെടുത്ത മലയാളി കൊമരം ഭീമിനെ മനസ്സിലേറ്റിയാണ് തിയറ്റർ വിട്ടത്. വരുന്ന ഓരോ ഷോട്ടിലും ഭീം പകരുന്ന എനർജി സ്ക്രീനിൽ നിന്നും കാണുന്നവന്റെ ഞരമ്പലേക്കും ഇരച്ചെത്തി. അയാളുടെ ഓട്ടവും ചാട്ടവും അലർച്ചയും ചുവടുകളും ചിരിയും കണ്ണീരും പോരാട്ടവും ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.  ‘നാട്ടു നാട്ടു...’ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ഓസ്കറിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ പാട്ടിന്റെ ആ ഊർജത്തിനൊത്തുള്ള ചുവടുകളും ലോകമെങ്ങും ചർച്ചയായി.

 

ജൂനിയർ എൻടിആർ മുത്തച്ഛൻ എൻടിആറിനെ പോലെ സിനിമയിൽ നിറഞ്ഞ് തെലുങ്ക് മക്കളുടെ മനസ്സ് കീഴടക്കുന്ന അഭിമാന കാഴ്ചയാണ് ഇപ്പോൾ. ഇനി അടുത്തത് മുത്തച്ഛനെ പോലെ  രാഷ്ട്രീയമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2009ൽ തെലുങ്കുദേശം പാർട്ടിയ്ക്ക് വേണ്ടി പ്രചാരണത്തിന് ജൂനിയർ എൻടിആർ ഇറങ്ങിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽനിന്നു അദ്ദേഹം വിട്ടുനിൽക്കുകയാണ്. ആർആർആർ തരംഗം ആയശേഷം അമിത് ഷാ ഹൈദരാബാദിലെത്തി ജൂനിയർ എൻടിആറുമായി നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു എന്ന ചോദ്യവും കൗതുകമുയർത്തുന്നുണ്ട്. തെലുങ്ക് മണ്ണിലേക്ക് പടർന്നുകയറാൻ ജൂനിയർ എൻടിആറിന്റെ കൈപിടിക്കുമോ ബിജെപി എന്ന ആകാംക്ഷ അന്നുമുതൽ അന്തരീക്ഷത്തിലുണ്ട്. കൃത്യമായി ഒരു ഉത്തരം പറയാതെ നടനും അമിത് ഷായും മുന്നോട്ടുപോകുന്നു.

 

 

അഞ്ചുഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഇന്ന് പാൻ ഇന്ത്യൻ ലെവലിലേക്ക് ജൂനിയർ എൻടിആർ എത്തിയതിന് പിന്നിൽ ആ പേരും കുടുംബവും മാത്രമല്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനം കൂടിയുണ്ടെന്ന് ഉറപ്പിച്ച് പറയാം. തോൽവികളിൽ നിന്നും വന്‍ തോൽവികളിലേക്ക് വീഴുമ്പോഴും, ബോഡി ഷെയിമ്മിങ്ങിന് ഇരയാകുമ്പോഴും ബാല്യത്തിൽ നേരിട്ട അവഗനകളും പരിഹാസങ്ങളും വല്ലാത്ത നോവായി മാറിയപ്പോഴും ജൂനിയർ എൻടിആർ എന്ന യുവാവ് കൈവിടാതെ കാത്ത ഒരുകാര്യമുണ്ട്. ഞാൻ വാഴുമെടാ.. എന്ന വിശ്വാസം. ആരിലേക്കും പ്രസരിക്കുന്ന ആ ഊര്‍ജ്ജം, മാസ്മരിക ചുവടുകൾ, ഇതിനൊപ്പം എൻടിആർ എന്ന ആ വലിയ മനുഷ്യന്റെ പേര് എൽപ്പിക്കുന്ന വലിയ ഉത്തരവാദിത്തവും. ഒരുപക്ഷേ നാട്ടുനാട്ടുവിലൂടെ ഓസ്കറിലേക്കും ഈ നടൻ ചുവടുവച്ചേക്കാം. അങ്ങനെ തന്നെ സംഭവിക്കട്ടേയെന്ന് ഒരോ ഇന്ത്യക്കാരനും മോഹിക്കുന്നുണ്ട്. താരക് എന്ന ജൂനിയർ എൻടിആർ ഇന്ത്യൻ സിനിമയുടെ അടയാളങ്ങളില്‍ ഒന്നായിക്കഴിഞ്ഞു. ആ പേരിന്റെ ചരിത്രം പോലെ നാളെ ആന്ധ്രയുടെ തലപ്പത്തേക്ക് മുത്തച്ഛന്റെ പാരമ്പര്യം ഉയർത്തി അദ്ദേഹം വരാം, വരാതിരിക്കാം. നടന്നുപോകുന്ന ഈ കാലമാണ് സത്യമെങ്കിൽ ജൂനിയർ എൻടിആർ ഇന്ന് കേവലമൊരു പേരല്ല. തെന്നിന്ത്യന്‍ തിരശ്ശീലയിലെ തിളങ്ങുന്ന ഊര്‍ജ്ജ സാന്നിധ്യമാണ്. പാരമ്പര്യത്തിന്റെ കരുത്തിനപ്പുറം,  ഭാഷാതിരുകള്‍ കടന്നുള്ള ആരാധകര്‍ സ്വന്തമായുള്ള താരമാണ്.