muthaiah-murali

ലാൽ, അനഘ നാരായണൻ, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ഡിയർ വാപ്പി. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രൗണ്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഡിയര്‍ വാപ്പി. ചെന്നൈ ബേസ്ഡ് പ്രൊഡക്ഷന്‍ ഹൗസായ ക്രൗണ്‍ പ്രൊഡക്ഷന്‍സ് ഒരു മലയാള ചിത്രം തന്നെ ആദ്യം പ്രൊഡ്യൂസ് ചെയ്തതിന് പിന്നില്‍ പ്രൊഡ്യൂസര്‍ ആര്‍.മുത്തയ്യ മുരളിയുടെ മലയാള സിനിമകളോടുള്ള ഇഷ്ടമാണ്. ആദ്യ പ്രോജക്ടിനെ കുറിച്ച് ആര്‍.മുത്തയ്യ മുരളി മനോരമന്യൂസ് ഡോട്കോമുമായി പങ്കുവയ്ക്കുന്നു. 

‍‍‍ഡിയര്‍ വാപ്പി സിനിമയെ പറ്റി...

ക്രൗണ്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഡിയര്‍ വാപ്പി.  അച്ഛന്‍– മകള്‍ കഥ പറയുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. അച്ഛന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന മലബാറിലെ ഒരു 21കാരിയുടെ കഥയാണിത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുന്ന ഒരു സിനിമയാണിതെന്ന് ഇപ്പോള്‍ പ്രേക്ഷകരും പറയുന്നു. ആമിറയുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ലാലിന്‍റെ മികച്ച പ്രകടനങ്ങള്‍ സിനിമയില്‍ കാണാനാകും. തലശ്ശേരിയിലും, കണ്ണൂരിലും, മലബാറിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.  

മലയാള സിനിമയോട് പാഷന്‍ 

കേരളത്തിലുള്ളവര്‍ വളരെ മികച്ച കലാകാരന്മാരാണ്. ഒരുപാട് കഷ്ടപ്പെടുന്നവരാണ് മലയാളികള്‍. വളരെ ക്രിയേറ്റീവായ, ഒരുപാട് കഴിവുകളുള്ളവരാണ് ഈ നാട്ടിലുള്ളവര്‍. ബോളിവുഡ്, കോളിവുഡ് തുടങ്ങി ഏത് സിനിമ ഇന്‍ഡസ്ട്രി നോക്കിയാലും ഏറ്റവും മികച്ച ടെക്നീഷ്യന്‍സ് മലയാളികളാകും. സിനിമാറ്റോഗ്രാഫേഴ്സ്, സൗണ്ട് എന്‍ജിനീയേഴ്സ്, എഡിറ്റേഴ്സ് ഇവയില്‍ ഏതിലെങ്കിലും മലയാളികളുണ്ടാകും. കോവിഡിന് ശേഷം ഒടിടി റിലീസ് വന്നതോടെ മലയാള സിനിമ ഒരുപാട് പേരിലേക്ക് എത്താന്‍ തുടങ്ങി. ഞാന്‍ സത്യന്‍ അന്തിക്കാടിന്‍റെയും ലോഹിതദാസിന്‍റെയുമൊക്കെ ആരാധകനാണ്. എനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ സിനിമ ചെയ്യുന്നതിനോട് പാഷനാണ്. 

ഈ സിനിമ ഒരു പ്രചോദനമാകും

ഡിയര്‍ വാപ്പി വളരെ വ്യത്യസ്തമായ ഒരു ഴോണറില്‍ വരുന്ന സിനിമയാണ്. ഷാന്‍ ഈ സ്ക്രിപ്റ്റ് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വളരെ രസകരമായാണ് അത് അവതരിപ്പിച്ചത്. ഫീല്‍ ഗുഡ് മൂവിയാണ്. അത് എടുത്ത രീതിയും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ചിത്രീകരണ സമയത്ത് ഞാനും ലൊക്കേഷനിലുണ്ടായിരുന്നു.  ഒരു 21കാരി തന്‍റെ ജീവിതത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനവും പിന്നീടുണ്ടാകുന്ന പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിടുന്നതുമാണ് ഈ ചിത്രം പറഞ്ഞത്. തന്‍റെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആദ്യം ഒരുപാട് സ്വപ്നം കാണുകയാണ് വേണ്ടത്. സിനിമയിലെ ആമിറ എന്ന കഥാപാത്രം പലര്‍ക്കും പ്രചോദനമാകുമെന്നാണ് കരുതുന്നത്. ലാലും നിരഞ്ജും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നിരഞ്ജിന്‍റെ അഭിനയ ജീവിതത്തില്‍ ഇത് ഒരു ബ്രേക്ക് ത്രൂ ആകുമെന്ന് തോന്നുന്നു. ശ്രീരേഖയും അവരുടെ കഥാപാത്രം നന്നായി ചെയ്തു. 

ഒരു മ്യൂസിക്കല്‍ ട്രീറ്റ് 

ഏഴ് പാട്ടുകളുള്ള ഈ സിനിമ ഒരു മ്യൂസിക്കല്‍ ട്രീറ്റാകുമെന്നത് ഉറപ്പാണ്. ഹൃദയത്തിന് ശേഷം ഇത്രയും പാട്ടുകളുള്ള ചിത്രം ‍ഡിയര്‍ വാപ്പിയാണ്. സിനിമയിലെ മൂന്ന് പാട്ടുകള്‍ മാത്രമാണ് പുറത്തുവിട്ടത്. വളരെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.  ഈ പാട്ടുകളെല്ലാം അതിമനോഹരമാണ്. കൈലാസിന്‍റെ മ്യൂസിക് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു.

‘ഹീറോ’കളല്ല; അഭിനേതാക്കള്‍

മലയാളം ഇന്‍ഡസ്ട്രിയിലുള്ള അഭിനേതാക്കള്‍ സാധാരണക്കാരെ പോലെ തന്നെയാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലോ, ഫ്ലൈറ്റോ ഒന്നും വേണമെന്നില്ല. ഇവിടെ ഞാന്‍ ‘ഹീറോ’കളെ അല്ല കാണുന്നത് അഭിനേതാക്കളെയാണ്. ഈ ചിത്രത്തിലൂടെ മികച്ച ടെക്നീഷ്യനുകള്‍ക്കൊപ്പമാണ് വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. സൗണ്ട് ഡിസൈനര്‍ എം ആര്‍ രാജാകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ വര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണ്. 

അച്ഛന് കത്ത് 

അച്ഛന് കത്ത് എഴുതാവുന്ന ഒരു കോണ്ടസ്റ്റ് നടത്തിയിരുന്നു. അച്ഛനെ പറ്റി ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും നമുക്കെല്ലാവർക്കും. അങ്ങനെ മനസിൽ കൊണ്ടുനടക്കുന്ന കാര്യങ്ങൾ എഴുതാൻ ഒരവസരമൊരുക്കുകയാണ് ചെയ്തത്. സംവിധായകന്‍റെ ആശയമായിരുന്നു അത്. തിരഞ്ഞെടുക്കപ്പെടുന്ന കത്തുകള്‍ക്ക് സമ്മാനവും നല്‍കുന്നുണ്ട്. ഇതുവരെ നാലായിരത്തോളം കത്തുകള്‍ ലഭിച്ചു. ഹൃദയസ്പര്‍ശിയായ ഒരുപാട് കത്തുകള്‍ വായിക്കാനിടയായി. ഐഫോൺ 14 പ്രോ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം  രണ്ടു സാംസങ് ഫോണുകൾ. നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്ടോപ്പുകൾ ആണ് മൂന്നാം സമ്മാനം. 

വരാനിരിക്കുന്ന പ്രോജക്ടുകള്‍

സംവിധായകന്‍ സജീവ് സുരേന്ദ്രന്‍റെ ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. ഒരു കോമഡി ചിത്രമാകും. അതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണ്.