താൻ പ്രണയത്തിലാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. ‘അവസാനം, വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല’ എന്ന കുറിപ്പിനൊപ്പം കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ സിനിമ മേഖലയിലെ നിരവധി താരങ്ങള്‍ ഇരുവർക്കും ആശംസകളുമായി എത്തി. ‘മിസ് യൂ സോ മച്ച്’ എന്നായിരുന്നു കാളിദാസിന്റെ ഫോട്ടോയ്ക്ക് തരിണിയുടെ മറുപടി. ‘ഈ ദിവസം നിന്നെ കുറച്ചു കൂടുതൽ മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വലന്റൈന്‍സ് ഡേ’ എന്ന അടിക്കുറിപ്പോടെ കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണിയും പങ്കുവച്ചിട്ടുണ്ട്.

 

‘ഗോസിപ്പുകളെല്ലാം ശരിയായല്ലേ, അഭിനന്ദനങ്ങള്‍, കല്യാണം എന്ന്?’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലിപ്പോൾ നിറ സാന്നിധ്യമാണ് തരിണിയും.

 

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ കാളിദാസ് ആണ് അഭിനയിക്കുന്നത്.