arya-parvathy

ഇൻസ്റ്റാഗ്രാമിൽ ഏറെ ആരാധകരുള്ള നടിയും നൃത്തകയുമാണ് ആര്യ പാർവതി. കഴിഞ്ഞ ദിവസം ആര്യ പങ്കുവെച്ച ഒരു പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. 23–ാം വയസിൽ താൻ ഒരു വല്യേച്ചിയാകാൻ പോകുന്നുവെന്ന സന്തോഷമാണ് ആര്യ പങ്കുവെച്ചത്. അമ്മയുടെ നിറവയറിൽ കെട്ടിപ്പിടിച്ചുകൊണ്ടുള്ള കുറിപ്പ് നിരവധിയാളുകൾ  പങ്കുവെച്ചിരുന്നു. വീട്ടിലെ പുതിയ സന്തോഷത്തെക്കുറിച്ച് ആര്യ മനോരമന്യൂസിനോട് പങ്കുവെയ്ക്കുന്നതിങ്ങനെ:

 

സമൂഹമാധ്യമത്തിൽ പങ്കുവെച്ചപ്പോൾ ഇത്രയധികം നല്ല പ്രതികരണങ്ങളുണ്ടാകുമെന്ന് കരുതിയിരുന്നില്ല. കുഞ്ഞനിയനേയോ അനിയത്തിയേയോ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ഞാനിപ്പോൾ. ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ. ഞങ്ങൾക്ക് ഗുരുവായൂരപ്പൻ തന്ന നിധിയാണ് ഈ കുഞ്ഞ്. ഒറ്റക്കുട്ടിയായതിന്റെ സങ്കടം എനിക്കെപ്പോഴും ഉണ്ടായിരുന്നു. കൗമാരത്തിലൊക്കെ അനിയനോ അനിയത്തിയോ വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. കോളജിലൊക്കെ ആയപ്പോൾ ഇനി അത്തരം ആഗ്രഹങ്ങളൊന്നും സാധിക്കില്ലെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. പക്ഷെ അപ്രതീക്ഷിതമായി ഞാനൊരു ചേച്ചിയാകാൻ പോകുന്നവെന്ന വാർത്ത ഏറെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിച്ചത്. അഞ്ചാം മാസത്തിലാണ് അമ്മ തന്നെ ഈ വിവരം അറിയുന്നത്. അമ്മയ്ക്ക് 44 വയസുണ്ട്. ആർത്തവം വരാതെയിരുന്നപ്പോൾ, മാസമുറ നിൽക്കാൻ പോവുകയാണെന്ന് കരുതി അത്ര കാര്യമാക്കിയില്ല. 

ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ തലകറങ്ങി വീണു. അന്ന് ആശുപത്രിയിൽ പോയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.

 

 എന്നോട് അച്ഛനും അമ്മയും ഇത് പറയുന്നത് ഏഴാം മാസത്തിലാണ്. അമ്മയ്ക്ക് പ്രഗ്നൻസി അംഗീകരിക്കാൻ സമയം വേണമായിരുന്നു. എനിക്കിപ്പോൾ 23 വയസുണ്ട്, എന്നെ വിവാഹം കഴിച്ചയച്ച് എന്റെ കുട്ടികളെ നോക്കാം എന്ന മാനസികാവസ്ഥയിലായിരുന്നു അമ്മ. എനിക്ക് കുഞ്ഞിനെ അംഗീകരിക്കാൻ പറ്റുമോയെന്നായിരുന്നു അമ്മയുടെ പേടി. അങ്ങനെയൊന്നും കരുതേണ്ട ആവശ്യമില്ലെന്ന് ഞാനാണ് അമ്മയെ പറഞ്ഞ് മനസിലാക്കിക്കുന്നതത്. എന്നെ സംബന്ധിച്ച് ഈ കുഞ്ഞ് എന്റെ ആദ്യത്തെ കുഞ്ഞിനെപ്പോലെയാണ്. എന്റെ കൂട്ടുകാരിൽ പലരുടെയും വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ്. 

 

എന്നെ ഗർഭിണിയായിരുന്ന സമയത്ത് അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒരുപാടുണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ശർദിൽപോലും ഇല്ലാതിരുന്നത് കൊണ്ടാണ് അറിയാൻ വൈകിയത്. ഇത്രയും നാളും കടന്നുപോയത് പോലെ തന്നെ പ്രസവസമയത്തും ശേഷവും അമ്മയും വാവയും സുഖമായിരിക്കണം എന്നാണ് പ്രാർഥിക്കുന്നത്– ആര്യ പാർവതി പറയുന്നു.