രോമാഞ്ചം എങ്ങനെയാണ് ഉണ്ടാകുന്നത്...? രോമാഞ്ചം ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ. അതേ, തിയറ്ററില്‍ നിന്ന് ഷോ കഴിഞ്ഞിറങ്ങുമ്പോഴും നമുക്കൊപ്പം ഇറങ്ങിപ്പോരുന്നു ആ ടൈറ്റില്‍ കാര്‍ഡും. കണ്ടവര്‍ കണ്ടവര്‍ പറഞ്ഞ് പറഞ്ഞ് തിയറ്ററുകള്‍ പൂരപ്പറമ്പായി മാറ്റുന്നു. ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞ് തിയറ്റര്‍ വിട്ട് ആളൊഴിഞ്ഞ ഇടവഴിയിലൂടെ പോകുമ്പോള്‍, സ്ട്രീറ്റ് ലൈറ്റ് മിന്നി മിന്നി കത്തിയാല്‍ അപ്പോള്‍ വരും ആ രോമാഞ്ചം.. ബാത്ത്റൂമിലെ ബക്കറ്റിലേക്ക് കുറച്ച് നേരം നോക്കിയിരുന്നാല്‍ അപ്പോള്‍ വരും ആ രോമാഞ്ചം, പാതിരാത്രി ഉറങ്ങാതെ ചിന്തിച്ചിരിക്കുന്ന കൂട്ടുകാരനെ കാണുമ്പോള്‍ അപ്പോള്‍ വരും ആ രോമാഞ്ചം. അങ്ങനെ പേടി ഉള്ളിലും ചിരി മുഖത്തും വിരിയുന്ന അടിമുടി ‘ഹൊറർ കോമഡി’.
മലയാളത്തില്‍ ഇതുവരെ കാണാത്ത അവതരണവും സംഗീതവും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന ‘രോമാഞ്ചിഫിക്കേഷന്‍’, വലിയ താരങ്ങളുടെ പകിട്ടോ പത്രാസോ ഒന്നുമില്ല. പണി അറിയുന്ന സംവിധായകനും ചെയ്ത് ഫലിപ്പിക്കാന്‍ അറിയുന്ന നടന്‍മാരും ഉണ്ടെങ്കില്‍ നായിക പോലും നിര്‍ബന്ധമല്ലെന്ന് രോമാഞ്ചം തെളിയിക്കുന്നു.
ബാച്ചിലേഴ്സ് ലൈഫും ഹോസ്റ്റല്‍ ലൈഫും അടുത്തറിയുന്ന ഒരോ ചെറുപ്പക്കാരനും രോമാഞ്ചം ഉണ്ടാകും കഥ കാണുമ്പോള്‍. ആ കൂട്ടുകെട്ടിലെ വഴക്ക്, സൗഹൃദം, തെറി, തമ്മില്‍ തല്ല്, പിണക്കം, അടിച്ചുെപാളി... അങ്ങനെ എല്ലാം വന്നുപോകുന്നുണ്ട്. ഒരുനിമിഷം പോലും ബോറടിപ്പിക്കാതെ കഥ പറയുന്ന രീതി സമ്മതിച്ചുെകാടുത്തേ പറ്റൂ. സൗബിന്‍ ഷാഹിറിനെയും അർജുൻ അശോകനെയും മുന്‍നിര്‍ത്തിയുള്ള കഥാവഴിയില്‍ ഒപ്പം ചേരുന്നവര്‍ എല്ലാം നമ്മുടെ മനസ്സിനെ പുതപ്പിച്ച് കളയും. സുഷിൻ ശ്യാമിന്റെ സംഗീതം കൂടി ചേരുമ്പോള്‍ പറയണോ പൂരം. തിയറ്ററില്‍ ആവേശക്കയ്യടി. ഒപ്പം ചിരി, പൊട്ടിച്ചിരി, അട്ടഹാസച്ചിരി. അതെല്ലാം കൂടിയ രോമാഞ്ചച്ചിരി.
ഇങ്ങനെ ഒരു കഥ എങ്ങനെ പറഞ്ഞ് നിര്‍മാതാക്കളെയും നടന്‍മാരെയും സംവിധായകന്‍ ബോധ്യപ്പെടുത്തി എന്ന് പടം കഴിഞ്ഞിറമ്പുമ്പോള്‍ നമ്മള്‍ ചിന്തച്ചുപോകും. പടം കണ്ടുവരുന്ന കൂട്ടുകാരനോട് കഥ ചോദിച്ചാല്‍ അവര്‍ക്കും കൃത്യമായി കഥ പറഞ്ഞുതരാന്‍ പറ്റില്ല. നീ പോയി പടം കാണൂ എന്നേ പറയാന്‍ പറ്റൂ. ആ വാക്കിന്റെ ബലമാണ് റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം ഹൗസ് ഫുള്‍ ഷോകളുമായി പടം മുന്നേറാന്‍ ഉളള കാരണവും. 2007 കാലഘട്ടത്തിൽ ബെംഗളൂരുവിൽ ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ. തട്ടിമുട്ടി ജീവിച്ചുപോവുന്ന അവരുടെ ഇടയിലേക്ക് രണ്ടുപേരെ സൗബിന്റെ കഥാപാത്രം വിളിച്ചു കയറ്റുന്നു. പിന്നെ നടക്കുന്ന ചിരിപ്പൂരപ്പേടിയാണ് രോമാഞ്ചം. അങ്ങനെ തുടങ്ങി തുടങ്ങി പോയി പോയി വന്ന വഴിയെല്ലാം ഓടിതീര്‍ക്കുന്ന കഥ.
ജിത്തു മാധവൻ കഥയെഴുതി സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ നട്ടെല്ല് സംഗീതസംവിധായകൻ സുഷിൻ ശ്യാമാണെന്ന് പറയാതെ വയ്യ. മലയാളത്തില്‍ ഇത്തരത്തിലൊന്ന് ഇതാദ്യമെന്ന് ഉറപ്പോടെ പറയാം. ട്രെന്‍ഡിനൊത്ത് പടം ചെയ്താല്‍ മലയാളി തിയറ്ററിലേക്ക് ഇരച്ചുകയറും. നായകനോ നായികയോ ബജറ്റോ, പുതുമുഖങ്ങളോ ഒന്നും വിഷയമല്ല. സെക്കന്‍ഡ് ഷോകള്‍ പോലും കുടുംബങ്ങളെ െകാണ്ട് നിറയ്ക്കുന്ന ഒരു യൂത്ത് പടമാണ് രോമാഞ്ചം. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കഥയും കഥാപാത്രങ്ങളും ഒപ്പം കൂടുന്ന പല അനുഭവങ്ങളും കാണും. എന്നാല്‍ പടത്തിന്റെ പേര് തന്നെ കൂടെപ്പോരുന്നു എന്നത് ഈ രോമാഞ്ചത്തിന്റെ ‘രോമാഞ്ചിഫിക്കേഷനാ’ണ്.