രണ്ടാം വരവിൽ റെക്കോർഡ് നേട്ടവുമായി സ്ഫടികം പ്രദർശനം തുടരുമ്പോൾ പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞും ഷൂട്ടിം​ഗ് ദിനങ്ങൾ ഓർത്തെടുത്തും മോഹൻലാൽ. സംവിധായകൻ ഭ​ദ്രനോടൊപ്പം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയായിരുന്നു അനുഭവങ്ങൾ പങ്കുവെച്ചത്. 

 

28 വർഷത്തിന് ശേഷവും സ്ഫടികത്തെ ഹൃദയപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞാണ് ലൈവ് തുടങ്ങിയത്. കുടുംബ പ്രേക്ഷകരും തീർച്ചയായും ചിത്രം കാണണമെന്നും ഇരുവരും പറയുന്നു. 

 

റീ-റിലീസ് ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഭദ്രന്റെ മറുപടിയിങ്ങനെ- 'അതിന് കാരണം നിങ്ങൾ തന്നെ. നിങ്ങളുടെ പിറന്നാളുകളാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ അനവധി ആളുകൾ 30-40 മോട്ടോർസൈക്കിളുകളിൽ വീട്ടിലേക്ക് വന്ന് വൈറ്റ് സ്ക്രീനിൽ കാണിക്കണമെന്ന് അഭ്യർത്ഥിക്കും. ഒരു കല്യാണ ചടങ്ങിൽ വെച്ച്  തങ്ങളുടെ കയ്യിൽ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങിൽ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനർജിയിലാണ് ഈ തോന്നലുണ്ടായത്'. 

 

ചിത്രത്തിലെ സംഘട്ടന രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങളും ഭദ്രൻ ഓർത്തെടുത്തു. 'സംഘട്ടനത്തിന് ശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്ന ഒരു സീനുണ്ട്. അങ്ങനെ ചെയ്യാൻ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാൽ ചോദിച്ചു, അന്ന് മറുപടി പറഞ്ഞതിങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമയ്ക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററിൽ'. 

 

ചങ്ങനാശ്ശേരി ചന്തയിൽ ചിത്രീകരിച്ച സംഘട്ടനം മോഹൻലാലും ഓർത്തെടുത്തു. 'ആ രം​ഗം ഷൂട്ട് ചെയ്യുമ്പോൾ ചെരിപ്പിടാൻ പാടില്ലെന്ന് ഭദ്രൻ സർ പറഞ്ഞു. നിറയെ ആണിയുള്ളത് കൊണ്ട് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും പറ്റില്ലെന്നാണ് പറഞ്ഞത്, പിന്നീട്  എന്തോ മനസ്സലിവ് തോന്നി സമ്മതിക്കുകയായിരുന്നു'. 

 

നിർമ്മാതാക്കൾക്കും ഒപ്പം അഭിനയിച്ചവർക്കും നന്ദി പറഞ്ഞും മൺമറഞ്ഞുപോയ അഭിനേതാക്കളെ അനുസ്മരിച്ചുമാണ് ലൈവ് അവസാനിപ്പിച്ചത്. 

ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്പന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 

 

mohanlal about spadikam fight scenes