ഒരു തലമുറയുടെ ആവേശമായ സ്ഫടികം വീണ്ടും തീയറ്റുകളില്‍. ചാക്കോമാഷും ആടുതോമയും പൊന്നമ്മയുമൊക്കെ പുതിയ തലമുറയ്ക്ക് മുമ്പിൽ ഒരിക്കൽക്കൂടി എത്തുന്നു. സ്ഫടികം വീണ്ടുമെത്തുമ്പോൾ അത് മലയാളസിനിമയിലെ മഹാനഷ്ടങ്ങളുടെ ഓര്‍മ പുതുക്കൽ കൂടിയാണ്. തീയറ്ററുകളിൽ ഡോൾബി ആറ്റ്മോസിൽ ചാക്കോമാഷിന്റെ ഘനഗംഭീര ശബ്ദം ഉയരുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമയാത് എത്ര വലിയ പ്രതിഭയെയാണെന്ന് മനസിലാകും. തിലകന് പകരം തിലകൻ മാത്രം. അതുപോലെ തന്നെയാണ് സ്ഫടിക്കത്തിൽ അഭിനയിച്ച് ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഓരോരുത്തരും. ആടുതോമയുടെ പൊന്നമ്മയായി കെപിഎസി ലളിതയും, രാവുണ്ണിമാഷായി നെടുമുടി വേണുവുമൊക്കെ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.
ആടുതോമയ്ക്ക് പിന്തുണയുമായി നിൽക്കുന്ന രാജൻ.പി.ദേവിന്റെ വക്കച്ചൻ, കരമന ജനാർദനൻ നായരുടെ പള്ളീലച്ചൻ, എൻ.എഫ് വർഗീസിന്റെ പാച്ചുപിള്ള... ഇവരെല്ലാം ജീവിതത്തിരയിൽ നിന്നും പൊയ്പ്പോയവര്‍. ചെറുതാണെങ്കിലും ശങ്കരാടിയുടെ ജഡ്ജി വേഷം പോലും ഇന്നും മായാതെ നിൽക്കുന്നു. സ്ഫടികം എന്ന് ഇറങ്ങിയാലും സിൽക്ക്സ്മിതയ്ക്ക് നിത്യയൗവനം തന്നെയാകും. 35 ന്റെ ചെറുപ്പത്തിൽ മൺമറഞ്ഞ സിൽക്ക്സ്മിതയെക്കൂടി ഓർക്കാതെ സ്ഫടികം പൂർണ്ണമാകില്ല. ഈ വലിയ നഷ്ടങ്ങളുടെ വിടവ് നികത്താൻ കാലത്തിന് പോലും സാധിക്കില്ല. അതുകൊണ്ട് തന്നെ സ്ഫടികത്തിന് കാലം ചെല്ലുന്തോറും തിളക്കമേറുകയാണ്.