
കഴിഞ്ഞ ദിവസം ബാലയുടെ ഇൻസ്റ്റഗ്രാം പേജിൽ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. സീക്രട്ട് ഏജന്റ് എന്ന വിളിപ്പേരുള്ള യൂട്യൂബർ സായികൃഷ്ണ, സിനിമ റിവ്യൂകളിലുടെ പേരെടുത്ത സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ, ഒപ്പം ബാലയും. മാളികപ്പുറം സിനിയുടെ റിവ്യൂ ഇട്ടത്തിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദനുമായി സായികൃഷ്ണയുടെ ഫോൺ സംഭാഷണം വൈറലായിരുന്നു. ഉണ്ണിമുകുന്ദനും ബാലയും തമ്മിലുള്ള വഴക്കും സോഷ്യൽമീഡിയയിൽ ചർച്ചയായതാണ്, ഇതോടെ ബാലയും ഉണ്ണിമുകുന്ദനും ശത്രുക്കളാണെന്നും, ബാല ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും സോഷ്യൽമീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചു. നിരവധി ട്രോളുകളും ഇറങ്ങി. ഇതിനെക്കുറിച്ച് ബാല മനോരമ ന്യൂസിനോട് പറയുന്നത് ഇങ്ങനെ:
സിനിമയിൽ 25 വർഷമായി നിൽക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് സിനിമയുടെ എത്തിക്സ് അറിയാം. ഉണ്ണി മുകുന്ദനെ തകർക്കാൻ എനിക്ക് ഇവരുടെ കൂട്ട് പിടിക്കേണ്ട ആവശ്യമില്ല. തകർക്കാൻ ഉണ്ണി എന്റെ ശത്രുവല്ല. ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ടായി, എനിക്ക് ദേഷ്യം വന്നു പ്രതികരിച്ചു. അതിനപ്പുറത്തേക്ക് ഉണ്ണിയുമായി യാതൊരു ശത്രുതയുമില്ല. അവസരം വന്നാൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്യും.
ഞാൻ കണ്ണിന്റെ ഓപറേഷൻ കഴിഞ്ഞിട്ട് ഇരിക്കുന്ന സമയത്താണ് സായികൃഷ്ണ വിളിക്കുന്നത്. സാർ എവിടെയാണ് വീട്ടിലുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു, എന്നാൽ കാണാൻ വന്നോട്ടെയെന്ന് ചോദിച്ചു. വന്നോളാനും പറഞ്ഞു. വീട്ടിലെത്തി കുറച്ച് നേരം സംസാരിച്ചു. പോകാൻ നേരം ഒരു ഫോട്ടെയെടുത്തോട്ടെയെന്നും ചോദിച്ചു. എടുത്തോളാനും പറഞ്ഞു. വീട്ടിൽ വന്ന ഒരാളോട് എടുക്കേണ്ട, ഇറങ്ങിപ്പോ എന്ന് പറയാൻ സാധിക്കില്ല. അയാൾ എന്റെ അതിഥിയാണ്.
സന്തോഷ് വർക്കി ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്നയാളാണ്. എന്നെ കുറിച്ച് സന്തോഷ് മോശം പറഞ്ഞിട്ടുമുണ്ട്. എന്നാൽ നേരിട്ട് കണ്ട് സംസാരിച്ചതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സായികൃഷ്ണ വീട്ടിൽ വന്നപ്പോൾ സന്തോഷും യാദൃശ്ചികമായി ഉണ്ടായിരുന്നു. അതല്ലാതെ ഞാൻ, സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണൻ ചേർന്നത് സീക്രട്ട് ബെൽറ്റ് ഒന്നുമല്ല. എന്തൊക്കെയാണ് സോഷ്യൽമീഡിയ പറയുന്നത്– ബാല ചോദിക്കുന്നു.
ഉണ്ണിയുടെ വളർച്ചയിൽ എനിക്ക് സന്തോഷമേയുള്ളൂ. ഉണ്ണിക്കെതിരെ ഞാൻ ഇവരെ കൂട്ടുപിടിച്ചുവെന്ന് പറയുന്നത്, ഒരു പെണ്ണിന്റെ കന്യകാത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. – ബാല പറയുന്നു.