‘ദളപതി 67’ എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമാകുന്ന ത്രില്ലിലാണ് മാത്യു തോമസ്. ഇന്നലെയാണ് ലോകേഷ് കനകരാജ്– വിജയ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. തൊട്ടുപിന്നാലെയിതാ മലയാളത്തിന്റെ യുവനടൻ മാത്യുവിന്റെ തമിഴ് അരങ്ങേറ്റവും. ‘വിജയ് ചിത്രത്തിൽ, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നു. തമിഴിൽ ഇതിലും മികച്ച അരങ്ങേറ്റം കിട്ടാനില്ല’ എന്നാണ് മാത്യു തോമസ് പ്രതികരിച്ചിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർ മത്തൻ ദിനങ്ങൾ, അഞ്ചാം പാതിരാ, ഓപ്പറേഷൻ ജാവ, വൺ, ജോ ആന്റ് ജോ, പ്രകാശൻ പറക്കട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ക്രിസ്റ്റി, നെയ്മർ, ജാക്കസൺ ബസാർ യൂത്ത്, കപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതിനിടയിലാണ് ‘ദളപതി 67’ലും മാത്യുവെത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത്.