രജനികാന്ത് പറയുന്ന സ്വന്തം ജീവിതത്തിലെ കഥകൾ കേട്ടിരിക്കാൻ തന്നെ ആരാധകർക്ക് വലിയ ഇഷ്ടമാണ്. രണ്ടുദിവസം മുൻപ് ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്റെ പോയ കാലത്തെ മോശപ്പെട്ട സ്വഭാവത്തെ പറ്റി അദ്ദേഹം പറഞ്ഞത്. ഈ വിഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്.
രജനിയുടെ വാക്കുകൾ: ‘ കാലം ആരെ എവിടെ എങ്ങനെ െകാണ്ടുപോകുമെന്നോ എത്ര ഉയരത്തിൽ എത്തിക്കുമെന്നോ എപ്പോൾ താഴെയിടുമെന്നോ അറിയില്ല. എനിക്കിപ്പോ 73 വയസ്സായി. ഈ പ്രായത്തിലും ഞാൻ ഇങ്ങനെ നടക്കുന്നെങ്കിൽ ഈ ആരോഗ്യത്തോടെ എങ്കിലും ഇരിക്കുന്നെങ്കിൽ അതിന് കാരണം എന്റെ ഭാര്യയാണ്. അവരെന്റെ ജീവിതത്തിൽ െകാണ്ടുവന്ന മാറ്റങ്ങളാണ്. ഞാൻ കണ്ടക്ടറായി ജോലി നോക്കുന്ന കാലത്ത് പലമോശപ്പെട്ട സ്വഭാവങ്ങളും എനിക്കുണ്ടായിരുന്നു. അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു. എന്നും മദ്യപിക്കും പുകവലിക്കും രാവിലെ തന്നെ നോൺ വെജ് വിഭവങ്ങൾ കഴിക്കും. ചിക്കൻ ഇല്ലാതെ എനിക്ക് പറ്റില്ലായിരുന്നു. ഒരു ദിവസം വലിച്ചുതള്ളുന്ന സിഗററ്റ് പായ്ക്കറ്റുകൾക്ക് കണക്കില്ലായിരുന്നു. അപ്പോൾ പേരും പെരുമയും വന്നശേഷമുള്ള കാര്യം പറയണോ?
അന്നൊക്കെ വെജിറ്റേറിയൻ കഴിക്കുന്നവരോട് പുച്ഛവും സഹതാപവുമായിരുന്നു. ഈ ആട് മാടുകൾ കഴിക്കുന്നത് ഇവർ എങ്ങനെ കഴിക്കുന്നു എന്നായിരുന്നു ചിന്ത. പക്ഷേ ലത ജീവിതത്തിലേക്ക് വന്നശേഷം അവളെന്നെ സ്നേഹം െകാണ്ട് മാറ്റി. എന്റെ മോശപ്പെട്ട ശീലങ്ങൾ എല്ലാം ഞാൻ അറിയാതെ തന്നെ അവളുടെ സ്നേഹത്തിൽ ഇല്ലാതായി. കല്യാണത്തിന് മുൻപുള്ള എന്റെ സിനിമകളും അതിന് ശേഷമുള്ള സിനിമകളും നോക്കിയാൽ ഈ വ്യത്യാസം എന്നിൽ നിങ്ങൾക്ക് കാണാം. മദ്യം–സിഗററ്റ്–നോൺവെജ് ഭക്ഷണം. ഇതുമൂന്നും ഡെഡ്ലി കോമ്പോയാണ്. അളവില്ലാതെ ഇത് ഉപയോഗിച്ച ഒരാളും ഒരു 60വയസ്സിനപ്പുറം പോയി ഞാൻ കണ്ടിട്ടില്ല. കിടന്നുപോയവരെ എനിക്ക് അറിയാം, 60ന് അപ്പുറം അവരൊന്നും നടന്നുകണ്ടിട്ടില്ല..’ അദ്ദേഹം പറഞ്ഞു.