ഒരു പ്രഫഷനൽ നർത്തകിയിൽ നിന്നും സാലിയിലേക്കുള്ള ദൂരം കൂടുതലായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയെന്ന നടന്റെ ഭാര്യയായി അഭിനയിക്കുന്നതിന്റെ ടെൻഷൻ .. പുതിയ പരീക്ഷണങ്ങൾ കൊണ്ടു വരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്റെ സിനിമ, ഇതെല്ലാം ഓർത്തപ്പോൾ തന്നെക്കൊണ്ടു ഈ ദൗത്യം പൂർത്തിയാക്കാനാകുമോ എന്ന് ഒരു ഘട്ടത്തിൽ തോന്നി. നൻപകൽ നേരത്ത് മയക്കം ചിത്രത്തിലെ രസകരമായ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് നടിയും നർത്തകിയുമായ രമ്യ സുവി.
മയക്കത്തിൽ തന്നെയാണോ ?
ഒരു തരം മയക്കത്തിൽ തന്നെ. പ്രഫഷനൽ നടിയല്ല. അവിചാരിതമായി സിനിമയിലെത്തി. കിട്ടിയത് ഇതുപോലെ മികച്ചൊരു കഥാപാത്രവും. റിലീസായതിനു ശേഷമുള്ള റിവ്യൂസ് കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. ഇതുപോലൊരു പ്രോജക്ടിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ ആഹ്ലാദം വലുതാണ്.
അഭിനയം തുടരുമോ ?
മികച്ച കഥാപാത്രങ്ങളാണെങ്കിൽ തീർച്ചയായും സ്വീകരിക്കും.
ആദ്യ ചിത്രം തന്നെ മമ്മൂട്ടിയുടെ കൂടെ. പേടിയുണ്ടായിരുന്നോ ?
തുടക്കത്തിലുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ മമ്മൂട്ടി സെറ്റിൽ ചെയ്യുന്നതൊക്കെ വെറുതെ നോക്കി നിൽക്കുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള ആദ്യ ഷോട്ടെടുക്കുമ്പോൾ പേടിയായിരുന്നു. എന്നാൽ നമ്മളെ കംഫർട്ടബളാക്കാൻ അദ്ദേഹത്തിനു അറിയാമായിരുന്നു. പതുക്കെ പേടിയൊക്കെ മാറി. സുന്ദരമായി മാറിയ മമ്മൂട്ടി തന്റെ ഇരുചക്ര വാഹനത്തിൽ വരുമ്പോൾ അത് നോക്കി നിൽക്കുന്ന രംഗമായിരുന്നു ആദ്യ ഷോട്ട്. അഭിനയത്തിന്റെ നിരവധി ടിപ്സ് അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ചങ്ങനാശ്ശേരിക്കാരിയായിട്ടാണ് ഞാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ നാട്ടിലെ സ്ലാങ്ങിൽ സംസാരിക്കാനൊക്കെ മമ്മൂട്ടിയാണ് കാണിച്ചു തന്നത്.