ajith-life-story

മുന്നിലേക്ക് വരുന്ന അതിഥിയെ എഴുന്നേറ്റ് നിന്ന് വരവേൽക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. അത് ഭക്ഷണത്തിന് മുന്നിലാണെങ്കിലും. തലയ്ക്ക് തലയുടെ വലിപ്പം അറിയില്ലേ എന്ന് ചിന്തിച്ചുപോകും ആ പെരുമാറ്റം കണ്ടാൽ. ഒരിക്കൽ സംവിധായകൻ രാജമൗലിയുടെ കുടുംബത്തെ പരിചയപ്പെടുമ്പോൾ Hai, i am ajith എന്ന് സ്വയം പരിചയപ്പെടുത്തി അദ്ദേഹം. അത്രമാത്രം മണ്ണിൽ ചവിട്ടി നിന്നേ മനുഷ്യനോട് ഈ നടൻ സംസാരിച്ചിട്ടുള്ളൂ. ദിവസങ്ങൾക്ക് മുൻപ് വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് ഒരു കുട്ടിക്കഥ പറഞ്ഞു. ആ കഥ പൂർണമായി കേൾക്കുന്നതിന് മുൻപ് തന്നെ പറഞ്ഞത് അജിത്തിനെ പറ്റിയാണ് എന്ന് മുദ്രകുത്തി കഥകളിറങ്ങി. എന്നാൽ ഞാൻ എന്നോട് തന്നെ മൽസരിച്ച് മൽസരിച്ചാണ് ഇവിടെ വരെ എത്തിയത് എന്നാണ് വിജയ് പറഞ്ഞുവച്ചത്. താരത്തിന്റെ ഓരോ വാക്കിനും ഉയർന്ന കയ്യടി മിനിറ്റുകൾ നീണ്ടു. എന്നാൽ അതേ ഇൻഡോർ സ്റ്റേഡിയത്തിൽ അജിത്തിന്റെ അസാനിധ്യത്തിൽ പോലും തല എന്ന് ഉച്ചരിച്ചാൽ പ്രകമ്പനം കൊള്ളിക്കുന്ന ആർപ്പുവിളികൾ ഉയരാറുണ്ട്. ഇനി എന്നെ തലയെന്ന് വിളിക്കരുത് എ.കെ. എന്നോ അജിത്ത് കുമാർ എന്നോ വിളിക്കൂ. ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ. അങ്ങനെ വിളിക്കല്ലേ എന്ന് എത്രതവണ കെഞ്ചിയാലും.. രസികർ പഠിച്ചതല്ലേ പാടൂ.. ‘നമ്മ തല സാർ. ’

രജനി–കമൽ യുഗത്തിനൊപ്പം പതിറ്റാണ്ട് മുൻപ് പോരാടി തുടങ്ങിയ ഇളമുറക്കാർ. വിജയ്​യും അജിത്തും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതലെന്ന് പലതവണ മാറ്റുരച്ച് നോക്കിയതാണ്. ഏറിയും കുറഞ്ഞും തുല്യമായി ആ ത്രാസ് ഇപ്പോഴും അങ്ങനെ നിൽക്കുന്നു. എന്നാൽ ഇതിനൊരു ഉത്തരം വരുന്ന െപാങ്കൽ തന്നേക്കും. അജിത്ത് നായകനാവുന്ന തുണിവും വിജയ് നായകനാവുന്ന വാരിസും ഒരേദിവസം റിലീസ് ചെയ്യുകയാണ്. പോരാട്ടം ഇവർ തമ്മിലാകുമ്പോൾ തട്ടകം ഒരുക്കുന്നതും ശ്രദ്ധിച്ച് വേണമല്ലോ. തമിഴ്നാട്ടിൽ 400 വീതം തിയേറ്ററുകളിലാണ് ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തുക. മുൻപ് ഒരു പൊങ്കലിന് സാക്ഷാൽ രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും നേർക്കുനേർ എത്തിയപ്പോൾ. കലക്ഷനിൽ തലൈവരെ തല തോൽപ്പിച്ച ചരിത്രവും വിജയ് ആരാധകരുടെ മനസ്സിലുണ്ടെന്ന് പറയാതെ വയ്യ. ഓഡിയോ ലോഞ്ചിൽ പതിവില്ലാതെ വിജയ് പോയകാലം കൂടി ഓർമിപ്പിച്ചതോടെ തിയറ്ററുകളിൽ പോര് മുറുകുമെന്ന് ഉറപ്പാണ്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്കു ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. വംശി പൈടിപ്പള്ളിയാണ് വിജയ് ചിത്രം വാരിസ് സംവിധാനം ചെയ്യുന്നത്. താരത്തിന്റെ 66–ാമത്തെ ചിത്രം. രശ്മിക മന്ദാനയാണ് നായിക. ഇതോടെ തമിഴ് താരങ്ങൾ ഇപ്പോൾ നേരിടുന്ന പ്രധാനചോദ്യങ്ങളിൽ ഒന്ന് പൊങ്കലിന് വാരിസാണോ തുനിവാണോ ആദ്യം കാണുക എന്നതാണ്.

പരാജയങ്ങളുടെ വൻനിര അജിത്തിന്റെ കണക്ക് പുസ്തകത്തിലുണ്ട്. ഉള്ളത് ഉള്ളതുപോലെ ആരുടെ മുഖത്തും നോക്കിയും പറയുന്ന സ്വഭാവം. എന്നിട്ടും ഓരോ തമിഴ്മക്കളും നിറഞ്ഞ ചിരിയോടെ പറഞ്ഞു. എ.കെ, സ്റ്റിൽ വീ ലവ് യു. എന്താണ് അതിന് കാരണം എന്ന് ചോദിച്ചാൽ വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള ആ നടന്റെ ഇഷ്ടങ്ങളും ജീവിതവും തന്നെയാണ്. ഇന്ത്യൻ സൂപ്പർതാരങ്ങൾ ഓരോ സിനിമയുടെ ഷൂട്ടിങ് തീർത്ത് വിദേശത്ത് വെക്കേഷന് പോകുമ്പോൾ അജിത്ത് പോകാറുള്ളത് ഓപ്പറേഷനുകൾക്കാണ്. ഏത് സാഹസിക ഷോട്ടിനും ഓക്കെ പറയുന്ന, ഫൈറ്റ്, റെയ്സിങ് സീനുകളിൽ സ്വന്തം ജീവൻ തന്നെ അജിത്ത് പന്താടിയ സന്ദർഭങ്ങളുണ്ട്. ‘തൻനമ്പിക്കൈ..’ ആത്മവിശ്വാസം. ഈ വാക്കിന് തമിഴന് ഒരു ഉദാഹരണമുണ്ടെങ്കിൽ അവര്‍ ചൂണ്ടിക്കാണിക്കുന്ന പേരുകാരിൽ ഉറപ്പായും അജിത്തും കാണും.  പോയ ജൻമത്തിൽ ചെയ്ത പുണ്യമാണ് ഇപ്പോൾ തനിക്ക് ലഭിക്കുന്ന ഈ ആരാധകരുടെ സ്നേഹമെന്ന് ഒരിക്കൽ അജിത്ത് പറഞ്ഞിട്ടുണ്ട്. അൺകണ്ടീഷണൽ ലൗ. അതാണ് ഈ നടനോട് അവർക്കുള്ളത്. അങ്ങനെ സ്നേഹിക്കാൻ അമ്മയ്ക്കും കുഞ്ഞിനും വീട്ടിലെ വളർത്തുനായക്കും മാത്രമേ കഴിയൂ എന്ന് പറയുന്നവരുണ്ട്. അവരോട് അജിത്ത് പറയും. ആ ഗണത്തിൽ എന്റെ ആരാധകരുമുണ്ട്.

ലക്ഷക്കണക്കിന് ഉടലുകള്‍ക്കും ഉയിരിനും ഒരേ ഒരു ‘തല’ എന്നായിരുന്നു ഒരു സ്നേഹവാഴ്ത്ത്. തമിഴ് സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ സ്വയം വളർന്ന പ്രസ്ഥാനമെന്നും അജിത്തിനെ വിശേഷിപ്പിക്കാം.  അടുത്ത സുഹൃത്തുക്കൾക്കിടയിൽ അജിത്തിനൊരു വിളിപ്പേരുണ്ട്. ‘ഫീനിക്‌സ്’. സത്യത്തിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രങ്ങളും ഏറെയാണ്. ‘നാൻ വീഴ്​വേൻ എന്ന് നിനത്തായോ’ എന്ന് ചിരിയോടെ പലകുറി അദ്ദേഹം പറയാതെ പറഞ്ഞു. അജിത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി ഇന്നും പലരും വിശേഷിപ്പിക്കുന്ന ‘ജന’ ബോക്‌സ് ഓഫിസിൽ തവിടുപൊടിയായിപ്പോയപ്പോൾ അജിത്തിന്റെ പേരുവെട്ടിയ കാലം ഉണ്ടായിരുന്നു. പിന്നെ അവിടുന്ന് കരകയറിയത് ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘അട്ടഹാസ’ത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അജിത് അഭിനയിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

1971 മേയ് ഒന്നിന് ഹൈദരാബാദിൽ ജനിച്ച അജിത്ത് 1986ൽ സ്‌കൂളിൽ നിന്ന് പഠിത്തം നിർത്തി. വെറും 15-ാം വയസിൽ പഠിത്തം നിർത്തിയപ്പോഴും അവന്റെ മൂലധനം ആത്മവിശ്വാസവും തന്റെ താൽപര്യങ്ങളും മാത്രമായിരുന്നു. ഷോളാവരത്ത് റേസ് കാണാൻ അച്ഛൻ കൊണ്ടുപോയിരുന്ന കാലം തൊട്ടുള്ള ആവേശമായിരുന്നു അവനെ ബൈക്ക്, കാർ റേസിങ്ങിലെത്തിച്ചത്. 18 വയസ്സ് പൂർത്തിയായി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയതോടെ അവൻ മൽസരയോട്ടങ്ങളിൽ അദ്ഭുതം കാട്ടി. പിന്നെ സിനിമയിലും. ബൈക്ക് റേസിൽ നിന്നു കാർ റേസിലേക്കു മാറി, 2003 ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാംപ്യൻഷിപ്പിലും 2010 ഫോർമുല 2 ചാംപ്യൻഷിപ്പിലും അദ്ദേഹം പങ്കെടുത്തു. പരിശീലനങ്ങൾക്കിടെ പരുക്കേറ്റ് പത്തിലേറെ തവണ ശസ്ത്രക്രിയകൾക്കു വിധേയനായി. ഒരിക്കൽ ഒന്നര വർഷത്തോളം കിടപ്പിലായി. എന്നിട്ടും ഇഷ്ടത്തെ കൈവിട്ടില്ല. രാജ്യാന്തര ഫോർമുല 3 റേസിൽ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് അജിത്ത്. വിമാനം പറപ്പിക്കാനറിയുന്ന അജിത്തിന് പൈലറ്റ് ലൈസൻസുമുണ്ട്. ഇതിനൊപ്പം പാചകം, ഫോട്ടോഗ്രാഫി, യാത്രകൾ അങ്ങനെ തന്റെ പ്രണയങ്ങളെ എല്ലാം ചേർത്തുപിടിക്കാൻ സിനിമകളുടെ എണ്ണം പോലും കുറച്ചു അജിത്ത്.

സ്‌കൂൾ പഠനം നിർത്തി ഈറോഡിൽ പാർട്ട് ടൈം ഓട്ടോമൊബീൽ മെക്കാനിക്കും മുഴുവൻ സമയ വസ്‌ത്ര എക്‌സ്‌പോട്ടറുമായി ജോലി ചെയ്യുമ്പോൾ പണമുണ്ടാക്കാനായി മോഡലിങ്ങിനു പോയത് ഒടുവിൽ അജിത്തിനെ ചെന്നൈയിലെ സിനിമാലോകത്ത് എത്തിക്കുകയായിരുന്നു. 1992ൽ പുറത്തുവന്ന ‘പ്രേമപുസ്‌തകം’ എന്ന തെലുങ്കു സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അടുത്തത് തമിഴ് ചിത്രമായിരുന്നു ‘അമരാവതി’. ഇതിൽ അജിത്തിന് പ്രതിഫലമായി ലഭിച്ചത് 390 രൂപയായിരുന്നു. പിന്നീട് ‘പവിത്ര’ എന്ന തമിഴ് ചിത്രവും കഴിഞ്ഞ് 1995ൽ പുറത്തുവന്ന ‘ആശൈ’ ആയിരുന്നു അജിത്തിന്റെ രക്ഷകൻ. ചെന്നൈയിൽ 210 ദിവസമാണ് ഈ ചിത്രം ഓടിയത്. പിന്നെ വന്ന ‘വാൻമതി’ എന്ന ചിത്രവും തരക്കേടില്ലാതെ ഓടി. അതിനുശേഷം ‘കല്ലൂരി വാസൽ’ എന്ന ചിത്രം. പിന്നീടുവന്ന ‘കാതൽകോട്ടെ’ അജിത്തിനെ മുൻനിരയിൽ എത്തിച്ചു. ‘ഉല്ലാസം’ എന്ന ചിത്രത്തിന് 50 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതോടെ മുൻനിരനായകനായി. അവിടെ നിന്ന് ‘ആഞ്‌ജനേയ’ എന്ന ചിത്രത്തിലേക്കെത്തിയപ്പോൾ 3.5 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. കാതൽ കോട്ടൈ, അവൾ വരുവാളാ, കാതൽമന്നൻ, വാലി, ദീന, വരലാറ്, ബില്ല തുടങ്ങിയ വലിയ ഹിറ്റുകളിലൂടെ തമിഴിൽ മങ്ങാത്ത താരമായി. മങ്കാത്ത, വീരം, വേതാളം, വിശ്വാസം അങ്ങനെ ഹിറ്റുകളുടെ നിര ഇന്നും നീളുന്നു. അമർക്കളത്തിൽ ജോഡിയായ ശാലിനി ജീവിതത്തിലും നായികയായി.

രജനീകാന്തിനു ശേഷം തന്റെ യഥാർഥ രൂപം ആരാധകർക്കു കാട്ടിക്കൊടുത്ത താരമാണ് അജിത്തെന്ന് ഇഷ്ടക്കാർ വാഴ്ത്തും. ജീവിതത്തിൽ വിഗ് ഉപയോഗിക്കാത്ത രജനിയെ പോലെ തന്റെ നരച്ച തലമുടി സിനിമയിലൂടെയും ജീവിതത്തിലും അജിത് ആരാധകർക്കു കാണിച്ചുകൊടുത്തു. ആദ്യമായി മങ്കാത്തയിലൂടെയാണ് അജിത് നര വീണ തലമുടിയുമായി എത്തിയത്. ചിത്രം വൻ ഹിറ്റായതോടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും ഹിറ്റായി.

ആത്മവിശ്വാസമാണ് അജിത്തിന്റെ അടയാളം.അഭിമുഖങ്ങൾ നൽകുന്നതു വിരളം. അന്തർമുഖനും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ താൽപര്യപ്പെടുന്ന ആളുമായി അജിത്ത് മാറിയിട്ട് വർഷങ്ങളായി. 2011ൽ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട് തെന്നിന്ത്യയെ ഞെട്ടിച്ചു. സ്വന്തം ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതു തന്നെ അപൂർവം. 2010ൽ കരുണാനിധി വേദിയിലിരിക്കെ, രാഷ്്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ അഭിനേതാക്കളെ നിർബന്ധിക്കരുതെന്നു പറഞ്ഞതു വിവാദമായിരുന്നു. ജയലളിതയുമായുള്ള അടുത്ത ബന്ധം അവരുടെ മരണശേഷം അണ്ണാ ഡിഎംകെയുടെ തലപ്പത്തേക്ക് വരെ അജിത്് എത്തിയേക്കും എന്ന ചർച്ചകളിലേക്ക് നീണ്ടു. ആരാധകരുടെ വേദനകളിലും എല്ലാം കൈവിട്ടുപോയ സാധാരണ മനുഷ്യരെയും  ചേർത്തുപിടിക്കാൻ അജിത്ത് ഒരിക്കലും മടിച്ചിട്ടില്ല. അതൊന്നും പബ്ലിസിറ്റിക്കായി അദ്ദേഹം ഉപയോഗിക്കില്ല എന്നതും വേറിട്ടുനിർത്തുന്നു.   ചെന്നൈ പ്രളയവേളയിൽ സ്വന്തം വീട് ദുരിതബാധിതർക്കായി അദ്ദേഹം തുറന്നുകൊടുത്തത് സമാനതകളില്ലാത്ത മറ്റൊരു കാഴ്ച.

പത്താം ക്ലാസിൽ പഠിപ്പ് നിർത്തിയവൻ. വെറുമൊരു മെക്കാനിക്ക്. ഭാഗ്യമില്ലാത്ത നടൻ.. അങ്ങനെയങ്ങനെ പുച്ഛിച്ചവരോട് അജിത്ത് അഞ്ചുഭാഷകൾ സംസാരിച്ച് മറുപടി പറയുന്നു. വെറുെമാരു മെക്കാനിക്കിൽ നിന്ന് റേസിങ് ചാംപ്യനിലേക്ക്. പിന്നെ വിമാനം പറത്താൻ ലൈസൻസുള്ള ആവായും വളർന്നു പറന്ന മുപ്പതാണ്ട്. കുടുംബത്തോട് ആരാധകരോട് സ്ത്രീകളോട് സഹപ്രവർത്തകരോട് സ്വന്തം ജീവിതം െകാണ്ട് അജിത്ത് കാണിക്കുന്ന ആ തികഞ്ഞ ബഹുമാനം പതിറ്റാണ്ടുകൾക്ക് ശേഷവും തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനാക്കുന്നു ഈ നടനെ. പരാജയങ്ങളുടെ പടുകുഴിയിലും ആരാധകർ ഈ ‘സ്നേഹമുള്ള സിംഹ’ത്തെ കൈവിടുന്നില്ല. ഓരോ ചിത്രവും ആഘോഷത്തോട്‌െ വരവേറ്റ്് തല ഉയർത്തിപിടിക്കാൻ അജിത്തിനെ പ്രാപ്തനാക്കുന്നു അവര്‍. സിനിമയ്ക്ക് പുറത്തും അജിത്തും വിജയ്​യും നല്ല കൂട്ടുകാരാണ്. എന്നാൽ തമിഴ് തിരയുലകിൽ നല്ല പോരാളികളാണ്. ആര് വാഴും ആര് വീഴുമെന്ന് കാത്തിരിക്കാം.