സിനിമ, ടെലിവിഷൻ താരം തുനിഷ ശർമ ആത്മഹത്യ ചെയ്യുന്നതിനു 15 മിനിറ്റു മുൻപുവരെ സഹതാരവും കാമുകനുമായ ഷീസാൻ ഖാനൊപ്പമായിരുന്നുവെന്ന് പൊലീസ്. ശനിയാഴ്ച വൈകിട്ട് 3ന് ഇരുവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. പിന്നീട് 3.15ഓടെയാണ് നടിയെ ഷീസാന്റെ മേക്കപ്പ് മുറിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 15 മിനിറ്റ് സമയം കൊണ്ട് തുനിഷയെ മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് അന്വേഷിക്കും. നടിയുടെ സംസ്കാരം ഇന്ന് മുംബൈയിലെ മിറ റോഡിൽ നടക്കും.
ഡൽഹിയിലെ ശ്രദ്ധ വോൾക്കർ കൊലപാതകമാണ് തുനിഷയുമായി പിരിയാനുള്ള പ്രധാന കാരണമെന്ന് ഷീസാൻ പൊലീസിനോട് വെളിപ്പെടുത്തി. തുനിഷയും താനും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരാണ്. അഫ്താബ് പൂനാവാല എന്നയാൾ തന്റെ പങ്കാളിയായ ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തി കഷണങ്ങളായി ഉപേക്ഷിച്ച വാർത്ത പല വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ശ്രദ്ധയുടെ മരണത്തിനു പിന്നാലെ ഇരുവരുടെയും മതവും മറ്റും ഉന്നയിച്ച് പല പ്രചാരണങ്ങളുമുണ്ടായി. പല പ്രമുഖ നേതാക്കളും ലൗ ജിഹാദ് ആരോപണങ്ങളും ഉന്നയിച്ചു. ഇതിൽ മനം മടുത്താണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആദ്യ ചോദ്യം ചെയ്യലിൽ ഷീസാൻ പൊലീസിനോടു പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.
തുനിഷയും താനും തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നതായും ഷീസാൻ പറഞ്ഞു. ഷീസാന് 28 വയസ്സും തുനിഷയ്ക്ക് 20 വയസ്സുമാണ് പ്രായം. തുനിഷ നേരത്തെയും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും ഷീസാൻ വെളിപ്പെടുത്തി. അന്ന് തുനിഷയെ രക്ഷിച്ചത് താനാണെന്നും തുനിഷയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവളുടെ അമ്മയോടു പറഞ്ഞിരുന്നെന്നും ഇയാൾ വ്യക്തമാക്കി. എന്നാൽ, ഷീസാൻ തുടർച്ചയായി മൊഴി മാറ്റുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയലിന്റെ സെറ്റിൽ തുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും രണ്ടാഴ്ച മുൻപു വേർപിരിഞ്ഞിരുന്നു. തുനിഷയുടെ അമ്മയുടെ പരാതിയിലാണ് ഷീസാനെ അറസ്റ്റു ചെയ്തത്. തുനിഷയുമായി പ്രണയത്തിലായിരിക്കെ ഷീസാനു മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപണമുണ്ട്. തുനിഷയുടെ മരണം ലവ് ജിഹാദാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
Tunisha Sharma death mystery: Police to probe actor’s ‘3 pm lunch’ with ex-boyfriend Sheezan Khan