ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് കുതിക്കുകയാണ് ജയിംസ് കാമറണിന്റെ അവതാർ 2. ആഗോള തലത്തിൽ ഇതുവരെ 5,000 കോടി രൂപയോളം ചിത്രം നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കലക്ഷനിൽ റെക്കോർഡ് തന്നെ സിനിമ സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ. മേക്കിങ് െകാണ്ട് ഇത്തവണയും അവതാർ അമ്പരപ്പിച്ചപ്പോൾ കഥ െകാണ്ട് വിസ്മയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വിമർശനവും ഉയർന്നിരുന്നു. എങ്കിലും കുട്ടികൾക്ക് അവതാർ 2വിന്റെ ത്രീഡി മികവ് പുതിയ ആവേശമാണ് നൽകുന്നത്. അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 2,000 കോടി രൂപയോളം ചെലവിട്ടാണ് രണ്ടാംഭാഗം നിർമിച്ചിരിക്കുന്നത്.

 

അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി രൂപയായിരുന്നു. എന്നിട്ടും ആദ്യ ദിന കലക്‌ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ അവതാറിനായില്ല. 53 കോടിയാണ് ആദ്യദിനം എൻഡ് ഗെയിം ഇന്ത്യയിൽ നിന്നും വാരിയത്. 13 വർഷം മുൻപ് അവതാർ സിനിമയുടെ ആദ്യഭാഗം കണ്ട കുട്ടികൾ ഇന്നു യുവാക്കളാണ്. സിനിമയുടെ ചരിത്രയാത്രയിൽ പങ്കാളികളാണ് അവരും. ഇന്ത്യയിൽ 3800 സ്ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു.

 

കേണൽ മൈൽ ക്വാർട്ടിച്ചിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാൻഡോറയിൽനിന്നു തുരുത്തുന്നിടത്താണ് അവതാർ ആദ്യ ഭാഗം അവസാനിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകൾക്കു ശേഷമുള്ള പാൻഡോറയുടെ കാഴ്ചകളിലൂടെയാണ് അവതാർ 2ന്റെ തുടക്കം. കേന്ദ്ര കഥാപാത്രങ്ങളായ ജാക്കും നേയ്ത്രിയും കുടുംബത്തെ സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടക്കാഴ്ചകളാണ് സിനിമ.