ഇരട്ടക്ലൈമാക്സെന്ന അപൂർവത ഒളിപ്പിച്ച് പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന ചിത്രം അന്നും ഇന്നും ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. ഇരട്ടക്ലൈമാക്സിലേക്ക് നയിച്ച ആ രഹസ്യം വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തുകയാണ് നടൻ മമ്മൂട്ടി. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണർ പി. ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് 24 വർഷം നീണ്ടു നിന്ന രഹസ്യം മമ്മൂട്ടി വെളിപ്പെടുത്തിയത്.
‘ഹരികൃഷ്ണൻസ് സിനിമയുടെ അവസാനം രണ്ട് കഥാന്ത്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ഇവരിലാരെ തിരഞ്ഞെടുക്കുന്നു എന്നതാണ് കഥയുടെ അവസാന ഭാഗം. ഈ സിനിമയുടെ പ്രചരണോപാദിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്കു വച്ചത്. ഒന്ന് കൃഷ്ണന് കിട്ടുന്നുവെന്നും മറ്റൊന്ന് ഹരിക്ക് കിട്ടുന്നുവെന്നും.
അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ളൊരു ദുർബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്തൊരു കാര്യമാണ്. പക്ഷേ അത്, ഈ പ്രിന്റുകൾ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിൽ ആർക്കോ അബദ്ധം പറ്റി അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയി. അതിന്റെ ഉദ്ദേശ്യം നല്ലതായിരുന്നു. രണ്ട് പേർക്ക് കിട്ടിയാലും സന്തോഷിക്കുന്ന പ്രേക്ഷകർ ഇവിടെ ഉണ്ടായതുകൊണ്ട് ആ സിനിമ വലിയ വിജയമായത്.’’–മമ്മൂട്ടി പറഞ്ഞു.
Mammootty reveals the secret of double climax in Harikrishnans movie