പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഏപ്രിലിൽ അവസാനമാകുമെന്ന് അഭ്യൂഹങ്ങൾ. ഏപ്രിൽ 28 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ എത്തിച്ചാണ് വമ്പൻ താരനിരയുമായെത്തിയ പൊന്നിയിൻ സെൽവൻ–1 അവസാനിച്ചത്.
450 കോടിയോളം രൂപയാണ് ഒന്നാം ഭാഗത്തിന്റെ കലക്ഷനായി ലഭിച്ചത്. ചിത്രം ഇപ്പോഴും നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മണിരത്നം മാജിക് വീണ്ടും സ്ക്രീനിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്നും ഏപ്രിൽ 28,2023 ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേഷ്ബാലയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒന്നാം ഭാഗത്തിന്റെ റിലീസിന് ശേഷം ആറുമാസത്തിനും ഒൻപത് മാസത്തിനും ഇടയിൽ രണ്ടാംഭാഗം പ്രതീക്ഷിക്കാമെന്നാണ് ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മണിരത്നം വെളിപ്പെടുത്തിയത്. കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ചിത്രീകരിച്ചത്. വിക്രം, ഐശ്വര്യറായ്, തൃഷ, ജയം രവി, കാർത്തി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വലിയ നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. റഹ്മാനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്.
Ponniyin selvan-2 will hit theatres by april; report