മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ സിനിമയുടെ ലൊക്കേഷനിൽ നടൻ സൂര്യയെത്തി. മമ്മൂട്ടിയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇരുവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്.
ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. സിനിമയുടെ ബോർഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍.