മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ ജീവിതം പറയുന്ന വീര്‍ ദൗദലെ സാത്താ എന്ന ചിത്രത്തിൽ അക്ഷയ് കുമാർ നായകനാവുന്നു. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 'ഛത്രപതി ശിവാജി മഹാരാജിന്‍റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഈ വേഷത്തിനായി ഞാൻ കഠിനാധ്വാനം ചെയ്യും', അക്ഷയ് കുമാര്‍ പറഞ്ഞു. ശിവജിയുടെ കഥാപാത്രം ചെയ്യാന്‍ അക്ഷയെക്കാള്‍ മികച്ചൊരു നടന്‍ ഇല്ലെന്നും ഈ കഥാപാത്രത്തിന് പറ്റിയ രൂപം അക്ഷയുടേതാണെന്നും സംവിധായകന്‍ മഹേഷ് പറഞ്ഞു. ചിത്രം മറാത്തി കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും. ഖുറേഷി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ദീപാവലിക്ക് പ്രദർശനത്തിനെത്തും. അതേ സമയം ഈ വർഷം അക്ഷയ് കുമാറിന്റെ മൂന്ന് സിനിമകളാണ് ബോക്സ്ഓഫിസിൽ തകർന്നു വീണത്. ഈ വർഷം മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കി റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം നേടിയത് 60 കോടി രൂപ മാത്രമായിരുന്നു. മാത്രമല്ല അക്ഷയ് കുമാറിന്റെ കരിയറിലെ വമ്പൻ പരാജയമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്.ഓഗസ്റ്റിൽ റിലീസ് ചെയ്ത രക്ഷാബന്ധനും കനത്ത പരാജയം നേരിട്ടു. നൂറ് കോടി മുടക്കിയ സിനിമയ്ക്ക് 60 കോടി മാത്രമാണ് കലക്ട് ചെയ്യാൻ കഴിഞ്ഞത്.