ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡാണെന്ന മിഥ്യാധാരണ പുതിയ കാലത്തെ തെന്നിന്ത്യൻ സിനിമകൾ തിരുത്തിയെഴുതുകയാണ്. ബാഹുബലി ഒന്നാം പതിപ്പ് മുതൽ രാജ്യത്തിലെ മറ്റുഭാഷകളെക്കാൾ മാർക്കറ്റ് വാല്യൂ തെന്നിന്ത്യൻ സിനിമകൾക്ക് ലഭിക്കുന്നുണ്ട്. ആ നിരയിലേക്കുള്ള ഏറ്റവും പുതിയ അംഗമായിരിക്കുകയാണ് കന്നട ചിത്രം കാന്താര.
അതിർത്തി കടന്നെത്തുന്ന തെന്നിന്ത്യൻ സിനിമകൾ ഇപ്പോൾ ഉത്തരേന്ത്യൻ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് മടങ്ങുന്നത്.ഹിന്ദിസിനിമയും പ്രാദേശിക സിനിമയുമെന്ന വർഷങ്ങളായുള്ള വേർതിരിവ് മാറ്റിവരച്ച ചിത്രമായിരുന്നു രാജമൗലിയുടെ ബാഹുബലി. പിന്നാലെയെത്തിയ പുഷ്പ, ആർആർആർ, കെജിഎഫ് , എന്നീ ചിത്രങ്ങൾ ഹിന്ദിയിലും തരംഗമായി.
കെജിഎഫ് നിർമാതാക്കളായ ഹംബാലെ ഫിലിംസ് 20 കോടിയിൽ താഴെ മുതൽ മുടക്കി നിർമ്മിച്ച കാന്താരാ ഇതിനകം തന്നെ 100 കോടി നേടി. 500 കോടിയിലധികം കളക്ഷൻ നേടിയ കെജിഎഫ് 2 എത്തിയതും ഇതേ സാന്റൽവുഡിൽ നിന്നുതന്നെ.
ആഗോള ബോക്സ് ഓഫീസിൽ 450 കോടിയെന്ന ഭീമൻ കളക്ഷനിലേക്ക് കുതിക്കുകയാണ് മണിരത്നം ചിത്രം പൊന്നിയിൽ സെൽവൻ.ദക്ഷിണേന്ത്യൻ സിനിമകൾ പുതുമയുള്ള തിരക്കഥയും സാങ്കേതികതയും അവതരിപ്പിക്കുമ്പോൾ റീമേക്കുകളുടെയും ബയോ പിക്കുകളുടെയും പുറകെയാണ് ബോളിവുഡ്. മലയാള ചിത്രം ഹെലൻ, ദൃശ്യം 2 എന്നിവയാണ് റീമേക്കുകളുടെ നിരയിലേക്കുള്ള ബോളിവുഡിന്റെ പുതിയ ചിത്രങ്ങൾ. താരതമ്യേന എങ്കിലും ഭേദപ്പെട്ട കളക്ഷൻ നേടാൻ കഴിഞ്ഞത് രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ്.450 കോടിയിലധികം മുതല്‍മുടക്ക് വന്ന ചിത്രത്തിന്റെ ഇതുവരെയുള്ള കലക്ഷന്‍ 360 കോടിയാണ്. ഇങ്ങനെ, അക്ഷരാർത്ഥത്തിൽ നക്ഷത്രലോകം ആയിരുന്ന ബോളിവുഡ് ഇന്ന് തെന്നിന്ത്യൻ സിനിമകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻതന്നെ കഷ്ടപ്പെടുകയാണ്.