മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ഗോഡ്ഫാദർ കലക്‌ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യദിനം ചിത്രം വാരിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കലക്‌ഷനാണിത്. ആന്ധ്രപ്രദേശ്–തെലങ്കാനയിൽ നിന്നും 23 കോടിയാണ് ഗ്രോസ് കലക്‌ഷൻ. അവധി ദിനങ്ങൾ ആയിട്ടുകൂടി പ്രതീക്ഷിച്ച കലക്‌ഷൻ സിനിമയ്ക്കു ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ തിയറ്ററുകളിലെത്തുമെന്നാണ് നിർമാതാക്കളുടെയും പ്രതീക്ഷ. റാം ചരൺ, ആർ.ബി. ചൗദരി, എൻ.വി. പ്രസാദ് എന്നിവർ ചേർന്നാണ് നിർമാണം.

 

ഗംഭീര മേക്കിങാണ് സിനിമയുടേതെന്നും ലൂസിഫറിന്റെ കഥയുമായും ചിത്രത്തിന് മാറ്റമുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ മലയാളിപ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന മേക്കിങ് ശൈലിയാണ് ചിത്രത്തിന് ഗുണമായതെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

 

ചിരഞ്ജീവിയുടെ സ്ക്രീൻ പ്രസൻസും സൽമാൻ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലൻ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകൾ. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.