Rorschach-mammootty

TAGS

ചോര കലർന്ന മുഖംമൂടിക്കു പിന്നിൽ ലൂക്ക് ആന്റണി എന്ത് സസ്പെൻസാകും ഒളിപ്പിച്ചു വച്ചിരിക്കുന്നത്?. ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ ഇത്രയധികം ഹൈപ്പ് ലഭിച്ച ഒരു സിനിമ സമീപ കാലത്തുണ്ടായിട്ടില്ല. മമ്മൂട്ടിയുടെ റോഷാക്ക്. മലയാളികൾക്കും ഒട്ടും പരിചിതമല്ലാത്ത പേര്. ആരാധകർ ഹരം കൊണ്ടു, ഒപ്പം തലപുകച്ചു. എന്താണ് റോഷാക്ക് ?

 

രക്തത്തിൽ കുതിർന്ന മുഖംമൂടിയണിഞ്ഞ് കറുത്ത വേഷത്തിൽ ഇരിക്കുന്ന വ്യക്തി. പിന്നിൽ അവ്യക്തമായ നേർത്ത മഷിചിത്രങ്ങൾ. റോഷാക്കിലെ ഒ എന്ന അക്ഷരത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ അവിടേയും മഷി പടർന്ന പോലെ തോന്നാം. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ സിനിമാപ്രേമികൾ ഒന്നു പകച്ചു. ഇതെന്ത് പേര്, എങ്ങനെ വായിക്കും. സ്പെല്ലിങ്ങ് പലതരത്തിൽ ഉച്ചരിച്ചിട്ടും വായിച്ചെടുക്കാനാകാതെ കുഴഞ്ഞു. പേരിനു പിന്നിലെ അർഥം കണ്ടെത്താനായിരുന്നു അടുത്ത ശ്രമം. ഗൂഗിളല്ലാതെ മറ്റൊരു വഴിയില്ല. സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു ഈ പേര്. ഒടുവിൽ റോഷാക്ക് എന്ന പേരിലെ ദുരൂഹത മുഖംമൂടി മാറ്റി.

 

ഹെർമൻ റോഷാക്ക് എന്ന സ്വിസ് സൈക്കോളജിസ്റ്റിൽ നിന്നാണ് റോഷാക്ക് എന്ന പേരുണ്ടായത്. 1921 ൽ ഇദ്ദേഹം കണ്ടു പിടിച്ച ചികിത്സാരീതിയാണ് റോഷാക്ക് ടെസ്റ്റ്. വിദഗ്ധവും തന്ത്രപരവുമായ ഒരു സൈക്കോളജിക്കൽ ടെസ്റ്റ്. തുടക്കത്തിൽ അത്ര പ്രചാരം കിട്ടിയില്ലെങ്കിലും 1960 കളോടെ ഈ ചികിത്സാരീതി വ്യാപകമായി. ഒരു കടലാസിൽ മഷി ഒഴിച്ച് നടുവെ മടക്കി നിവർത്തിയാൽ ഇരുവശത്തും അവ്യക്തമായ ചില രൂപങ്ങൾ കാണാം. ഈ ചിത്രം മറ്റൊരാളുടെ മുന്നിൽ വച്ച്  നിങ്ങൾ ഈ കടലാസിൽ എന്തു കാണുന്നു എന്നു ചോദിക്കും. ലഭിക്കുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിയെക്കുറിച്ച് കൃത്യമായ ഒരു നിഗമനത്തിൽ എത്തുന്ന പ്രക്രിയയാണ് റോഷാക്ക് ടെസ്റ്റ്. അയാൾ എന്തു കാണുന്നു, അല്ലെങ്കിൽ എന്തു പറയുന്നു എന്നു തിരിച്ചറിഞ്ഞ്  ആ വ്യക്തിയുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ലക്ഷ്യം. ഇന്ന് പല മനശാസ്ത്രജ്ഞരും ഈ രീതി പിന്തുടരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും അന്തർലീനമായ ചിന്താവൈകല്യങ്ങളും കണ്ടെത്താൻ ഈ ടെസ്റ്റ് ഉപകരിക്കും. പേഴ്സാനാലിറ്റി ടെസ്റ്റിനും ഈ രീതി ഉപയോഗിക്കുന്നവരുണ്ട്.  രോഗി എന്തു പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അയാളുടെ മാനസികനില അളക്കുകയാണ് സൈക്കോളജിസ്റ്റുകളുടെ ലക്ഷ്യം. ഹോം, താളവട്ടം, ഉള്ളടക്കം സിനിമകളിൽ ഈ രീതി നമുക്ക് കാണാൻ സാധിക്കും.

 

തീർന്നില്ല. ഒന്നു കൂടിയുണ്ട്. ട്രെയ്‌ലറിന്റെ അവസാന സെക്കൻഡിലെ ആ ദൃശ്യം ശ്രദ്ധിച്ചോ. വെള്ള പൂശിയ മുറിയിൽ മമ്മൂട്ടി ഇരിക്കുന്നു. ഈ രംഗത്തെക്കുറിച്ചുള്ള ചർച്ചകൾ ചെന്നെത്തിയത് വൈറ്റ് റൂം ടോർച്ചറിലാണ്. കേൾക്കുമ്പോൾ അപരിചിതത്വവും നിഗൂഢതയും തോന്നുന്ന വാക്ക്.

 

വൈറ്റ് റൂം ടോർച്ചർ ഒരു തരം മാനസിക പീഡനമാണ്. തടവുകാരുടെ പൂർണ്ണമായ ഒറ്റപ്പെടലിനും ഇന്ദ്രിയ വൈകല്യത്തിനും കാരണമാകുന്ന ഒരു തരം കൊടിയ മാനസിക പീഡനം. ഒരു വ്യക്തിയെ പൂർണ്ണമായും വെളുത്ത നിറമുള്ള മുറിയിൽ അടച്ചിടുക. ചുമരുകൾ, തറ, മേശ, കട്ടിൽ, വേഷം, ഭക്ഷണം എല്ലാം വെളുത്ത നിറം. പുറംലോകവുമായി ഒരു ബന്ധവുമുണ്ടാകില്ല. പൂർണനിശബ്ദത. സ്വന്തം നിഴലുകൾ പോലും കാണാൻ സാധിക്കാത്ത വിധം നിയോൺ ട്യൂബുകൾ സ്ഥാപിക്കും. ശിക്ഷ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നീളാം. പതുക്കെ തടവുകാരന്റെ മാനസിക നില തെറ്റാൻ തുടങ്ങും. ഓർമകൾ നശിക്കും. സ്വന്തം ഐഡന്റിറ്റി തന്നെ നഷ്ടപ്പെടും. ഇന്ദ്രിയങ്ങൾ മരവിക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽപ്പോലും ആ വ്യക്തിയ്ക്കു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്നു മനശാസ്ത്രവിദഗ്ധർ പറയുന്നു. ഈ ഏകാന്ത വാസത്തിലൂടെ വ്യക്തികള്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിനൊപ്പം വിഭ്രാന്തിയും സൈക്കോട്ടിക് ബ്രേക്കും സംഭവിച്ചേക്കും. ശാരീരികമായി വേദനിപ്പിക്കുന്നതിനേക്കാൾ പതിൻമടങ്ങ് പ്രഹരശേഷിയുള്ള ഈ രീതിക്കെതിരെ ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു. യു.എസ്, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്‍ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മനസാന്നിധ്യവും ഇച്ഛാ ശക്തിയും തകര്‍ത്ത് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ് ഈ രീതി.

 

ഈ പറഞ്ഞതിനൊക്കെ അപ്പുറം ലൂക്ക് ആന്റണി എന്ത് സസ്പെൻസായിരിക്കും ഒരുക്കി വച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറയുന്ന മമ്മൂട്ടിച്ചിത്രത്തിനായി കാത്തിരിക്കാം.

 

Mammootty starrer Rorschach to have a grand release on October 7