sibi-director

മലയാള സിനിമയെ ഹിറ്റുകളുടെ ‘കിരീടം’ ചൂടിച്ച സംവിധായകൻ സിബി മലയിൽ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം  വീണ്ടുമെത്തുകയാണ് . കൊത്ത് എന്ന പുതുചിത്രവുമായി. ചിത്രത്തിന്റെ വിശേഷങ്ങളും ആസിഫ് അലിയെന്ന നടന്റെ വളർച്ചയും സിനിമയിൽ തുല്യവേതനം വേണമെന്ന നടിമാരുടെ ആവശ്യങ്ങളെക്കുറിച്ചും സിബി മലയിൽ സംസാരിക്കുന്നു. 

 

അടിസ്ഥാനപരമായി മനുഷ്യബന്ധങ്ങളുടെ വൈകാരികതയുമായി ചേർന്നു നിൽക്കുന്നതാണ് സിബി മലയിലിന്റെ സിനിമകൾ. അത്തരത്തിലൊരു സിനിമയായിരിക്കുമോ കൊത്ത് ?

 

തീർച്ചയായും. ഈ സിനിമയും അടിസ്ഥാനപരമായി മനുഷ്യബന്ധങ്ങളുടെ കഥയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പറയുന്നതെന്നു മാത്രം. എന്റെ സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്തോ അത് ലഭിച്ചിരിക്കും. 

 

കൊത്ത് എന്ന പേര് ?

 

വടക്കൻ മലബാറിലെ ഒരു പ്രയോഗമാണിത്. വെട്ട് എന്നാണർഥം. വെട്ടിക്കൊല്ലുക എന്നു പറയുന്നതു പോലെ കൊത്തിക്കൊല്ലുക എന്നാണ് അവിടുത്തുകാർ പറയുക. 

 

രാഷ്ട്രീയ സിനിമകൾ എടുക്കുമ്പോൾ പേടി തോന്നാറുണ്ടോ ?

 

ഭയപ്പെടേണ്ട കാര്യമില്ല. നമ്മൾ ഒരു ജനധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഇവിടുള്ളത്. അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകുന്ന ചില സംഭവങ്ങൾ അടുത്ത കാലത്തു കണ്ടു വരുന്നുണ്ട്. അതൊക്കെ തിരിച്ചടിയായിട്ടുമുണ്ട്. അസഹിഷ്ണുത നിറഞ്ഞ കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. എന്തിനേയും ന്യായീകരിക്കാനും പ്രതിരോധിക്കാനും ഇരുപക്ഷത്തും ആളുകളുണ്ട്. 

 

എന്തു കൊണ്ട് ആസിഫ് അലി?

 

ആസിഫിന്റെ പ്രായവും രൂപവും ഈ കഥാപാത്രത്തിനു യോജിക്കുന്നതായിരുന്നു. കഥ കേട്ടയുടനെ ആഫിസ് പറഞ്ഞത് ഞാൻ റെഡി എന്നായിരുന്നു.  

ആദ്യം മറ്റൊരു നടനെയായിരുന്നു ഞാൻ സമീപിച്ചത്. എന്നാൽ കഥ ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു ആ നടന്റെ പ്രതികരണം. അത്തരം ആളുകളുടെ കൂടെ ജോലി ചെയ്യുന്നതിൽ അർഥമില്ല. ആ നടനെ ഞാൻ കുറ്റപ്പെടുത്തില്ല. എന്നാൽ നിർബന്ധിച്ച് അഭിനയിപ്പിക്കാനാകില്ല. 

 

സിനിമയിൽ തുല്യപ്രതിഫലം വേണമെന്ന് ചില നടിമാർ ആവശ്യപ്പെടുന്നു ?

 

നടിമാർക്ക് മാത്രമല്ല, സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും തുല്യമായ പ്രതിഫലം ആവശ്യപ്പെടാം. പക്ഷെ കിട്ടുക എന്നതാണ് പ്രധാനം. തുല്യജോലിക്കു തുല്യവേതനം എന്നത് സിനിമയിൽ പ്രായോഗികമല്ല. തുല്യ യോഗ്യതയുള്ള രണ്ട് ഡോക്ടർമാർക്ക് ഒരേ ശമ്പളം ആവശ്യപ്പെടാം. സിനിമയിൽ അത് സാധ്യമല്ല. ഡിമാൻഡാണ് മുഖ്യം. ഒരു നടൻ പ്രേക്ഷകർക്ക് എത്രമാത്രം സ്വീകാര്യനാണ്, ആ നടനെ വച്ച് സിനിമ ചെയ്താൽ ജയസാധ്യത എത്രത്തോളമുണ്ടാകും, മുടക്കമുതൽ എന്ത് കിട്ടും ഇതൊക്കെ അനുസരിച്ചാണ് മൂല്യം കൂടുന്നത്. മോഹൻലാലും മമ്മൂട്ടിയും വാങ്ങുന്ന പ്രതിഫലം ആസിഫ് അലിയ്ക്കു ലഭിക്കില്ല. പറയുമ്പോൾ ആസിഫും റോഷൻ മാത്യുവും നായകഥാപാത്രങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരുണ്ട്.