വലിയ ആവേശത്തോടും പ്രതീക്ഷയോടും തിയറ്ററിലെത്തിയ വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. പിന്നാലെ താരത്തിനെതിരെ തിയറ്റർ ഉടമയും രംഗത്തെത്തി. സിനിമ ഇറങ്ങും മുൻപ് നടന്ന ബഹിഷ്കരണ ആഹ്വാനങ്ങളെ താരം നേരിട്ട രീതി ശരിയല്ലെന്നാണ് തിയറ്റർ ഉടമയുടെ വാദം. മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമർശനവുമായി രംഗത്തുവന്നത്. സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോൾ മേശയ്ക്ക് മുകളിൽ കാലെടുത്തുവച്ചതും സൈബർ ഇടങ്ങളിൽ നിറഞ്ഞിരുന്നു. താരത്തിന്റെ അഹങ്കാരം അഡ്വാൻസ് ബുക്കിങ്ങിനെ പോലും ബാധിച്ചെന്ന് ഉടമ പറയുന്നു.
ഭാഷകൾക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ തിയറ്ററിലെത്തിയ ചിത്രത്തിൽ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും സ്ക്രീനിലെത്തുന്നു. പുരി ജഗന്നാഥാണ് സംവിധാനം.