‘തിരുച്ചിത്രമ്പലം’ ഒരു പേരാണ്. ഒരാളുടെ പേര്. നമുക്ക് ചുറ്റും കാണുന്ന, സൂക്ഷിച്ച് നോക്കിയാൽ നമ്മൾ തന്നെയാണെന്ന് തോന്നുന്ന ഒരു ശരാശരി യുവാവിന്റെ പേര്. ഈ നീണ്ട പേരിട്ട് അവനെ ആരും വിളിക്കില്ല. ‘പഴം’ എന്നാണ് വിളിപ്പേര്. ഫുഡ് ഡെലിവറി ബോയ് ആണ് നായകൻ. ഒരായിരം വട്ടം നമ്മൾ കണ്ട് പരിചയിച്ച കഥയെന്ന് പറയാം. പക്ഷേ അവതരണം െകാണ്ടും അഭിനേതാക്കളുടെ പ്രകടനം െകാണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലും ഗംഭീരമായി. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന രീതിയിലേക്ക് കഥ പറച്ചിൽ മാറ്റിയത് കഥയുടെ പഴമയെ പുതുക്കുന്നതായി. എനിക്ക് തെറ്റിയ വഴികളെല്ലാം നിന്നിലേക്ക് ഉള്ളതായിരുന്നു എന്ന് പറഞ്ഞ് കഥ അവസാനിക്കുമ്പോൾ ‘തിരുച്ചിത്രമ്പലം’ പ്രേക്ഷകന്റെ ഉള്ളുെതാടുന്നു.
ധനുഷിനെ പോലും കടത്തി വെട്ടുന്ന അഭിനയമാണ് നിത്യാ മേനോൻ കാഴ്ചവയ്ക്കുന്നത്. ശോഭന എന്ന കഥാപാത്രം തിയറ്റർ വിട്ട് നമുക്കൊപ്പം പോരും വിധം ഭംഗിയാക്കി നിത്യ. കളിക്കൂട്ടുകാരനെ അവന്റെ വീഴ്ചയിൽ എപ്പോഴും താങ്ങുന്ന, അവന്റെ എല്ലാ പ്രണയങ്ങൾക്കും കൗതുകങ്ങൾക്കും കൂട്ടുനിൽക്കുന്ന, പിണക്കവും ഇണക്കങ്ങളും കണ്ണിൽ പ്രകടിപ്പിക്കുന്ന ശോഭന നിത്യയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ്. അങ്ങനെ ഒരു കൂട്ടുകാരി ഒപ്പമുണ്ടെങ്കിൽ എന്ന് കഥ കാണുന്നവന് തോന്നുന്നിടത്ത് നിത്യ വിജയിക്കുന്നു.
പ്രകാശ് രാജ്, ധനുഷ് അച്ഛൻ മകൻ മുഹൂർത്തങ്ങളും ഭാരതി രാജയുടെ മുത്തച്ഛൻ വേഷവും നമ്മുടെ വീട്ടിലേക്കും ചേർത്തുവയ്ക്കാവുന്നതാണ്. സ്വന്തം നിലമറന്നുള്ള വൺവേ പ്രണയങ്ങളും കണ്ടുകൂട്ടുന്ന സ്വപ്നങ്ങളും ഒടുവിലത്തെ നിരാശയും അനുഭവിക്കുമ്പോഴും ‘തിരുച്ചിത്രമ്പലം’ ഈ തിരിച്ചടികളിലൊന്നും പഠിക്കുന്നില്ല. വീണ്ടും ചരിത്രം ആവർത്തിച്ചുെകാണ്ടേയിരിക്കും. മുറ്റത്തെ മുല്ലയെ കാണാതെ ഓടികൊണ്ടേയിരിക്കുന്നു. അങ്ങനെ പോകുന്ന കഥയിൽ ചിരിക്കുള്ള വഴിയും തുറന്നുകിട്ടുന്നുണ്ട്. കഥയിൽ വലിയ പുതുമയില്ലെങ്കിലും മേക്കിങ്ങിന്റെ മികവിൽ തിയറ്ററിൽ കയ്യടി നേടുന്നു ഈ ധനുഷ് ചിത്രവും. മിത്രൻ ആർ. ജവഹർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധിന്റെ പാട്ടുകളും ധനുഷിന്റെ ഡാൻസും ചിത്രത്തിന് മികവേകുന്നു.