തുടക്കം മുതൽ ഒടുക്കം വരെ നല്ല അടിയാണെന്ന സൂചനയാണ് ടൊവിനൊ ചിത്രം തല്ലുമാലയുടെ ട്രെയിലർ നൽകുന്നത്. 'സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി എന്ന ഡയലോഗ് ട്രെയിലറിൽ നിന്നേ കേൾക്കാം. അങ്ങനെ വാങ്ങിക്കൂട്ടിയ തല്ലിലൊന്ന് റിയലായിരുന്നുവെന്ന് താരം പറയുന്നു. ‘അടി കൊണ്ടോന്റെ ചിരി കണ്ടോളി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തല്ലുമാലയുടെ അണിയറക്കാരിൽ ഒരാളാണ് റിയാക്ഷൻ പകർത്തുന്നതിനായി ടൊവിനൊയുടെ മുഖത്ത് ശരിക്കും 'പൊട്ടിച്ചത്'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണവാളന്‍ വസീം എന്ന കഥാപാത്രമായാണ് ടൊവിനൊ എത്തുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുഖ്മാൻ അവറാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.