നടന്‍ നെടുമുടി വേണു മരിച്ചപ്പോള്‍ പ്രതാപ് പോത്തന്‍ മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'എനിക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്താണ് വേണു. കരിയർ തുടങ്ങിയത് തന്നെ ഒരുമിച്ചാണ്. എന്നെ വേണു കാണുമ്പോൾ വിളിക്കുന്നത് തന്നെ എന്റെ തകരേ എന്നാണ്. ഞാൻ ചെല്ലപ്പനാശാരി എന്നും. ചെല്ലപ്പനാശാരി പോയതിന്റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. സകലകലാവല്ലഭൻ എന്ന് നിസംശയം വിളിക്കാവുന്ന കലാകാരൻ. കലകളെ കുറിച്ച് വളരെ അറിവുള്ളയാൾ. ഇന്ത്യലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ. നെടുമുടിയെപ്പോലെ ആത്മാർഥമായ കഠിനാധ്വാനിയായ ഒരു നടൻ അപൂര്‍വമായിരിക്കും. അങ്ങനെയൊരാളാണ് പോയത്. നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ്. അത് സത്യമാണ്. അംഗീകരിച്ചേ മതിയാകൂ, നെടുമുടി വേണു മരിച്ചു 8 മാസം പിന്നിടുമ്പോള്‍ പ്രതാപ് പോത്തനും വിടവാങ്ങി,  നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ് എന്ന ആ വാക്കുകള്‍ ആ മനസ്സിനെ കൂടി വെളിച്ചത്ത് വയ്ക്കുന്നു.

അഭിനയത്തിലെ രസ ചരടുകളില്‍ തന്‍റെതായ ശൈലിയും ശബ്ദ വൈവിധ്യവുമാണ് എന്നും പ്രതാപ് പോത്തന്‍ എന്ന നടനെ വേറിട്ടു നിര്‍ത്തിയത്.  ഭരതൻ ചിത്രം തകരയിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. പാറിപ്പറക്കുന്ന മുടിയും, നോട്ടങ്ങളില്‍ പോലും വിസ്മയിപ്പിക്കുന്ന അഭിനയപാടവും  നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞു നില്‍ക്കാന്‍ പ്രതാപ് പോത്തനായി. 

പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉൻമാദത്തിന്റെയും ആഘോഷങ്ങളുടെയും അടയാളമായിരുന്നു  അയാളിലെ കഥാപാത്രങ്ങള്‍.  യുവത്വത്തിന്റെ തീവ്രഭാവങ്ങളെ തിരശീലയിൽ പലപ്പോഴായി അയാള്‍ പതകര്‍ത്തി. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മില്‍ എല്ലാം അതില്‍ ചിലതു മാത്രം.

22 ഫീമെയിൽ കോട്ടയത്തിലെ വില്ലന്‍ വേഷവും അയാളും ഞാനും തമ്മിലെ ഡോക്ടര്‍ സാമുവലും സമീപകാല മലയാള സിനിമയിലെ പ്രതാപ്  പോത്തന്‍റെ ഏറ്റവും ഗംഭീരമായ വേഷപ്പകര്‍ച്ചകളില്‍ ഒന്നായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രം മെഡിക്കല്‍ എത്തിക്സ് എന്താണ് എന്ന് ഇന്നത്തെ തലമുറയിലെ ഡോക്ടര്‍ ആയ ഡോക്ടര്‍ രവി തരകനിലേക്ക് പകര്‍ന്ന് കൊടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡോക്ടര്‍ രവി തരകനെ  മികച്ച ഒരു ഡോക്ടറാക്കി പരിവര്‍ത്തനം നടത്താന്‍ ഡോക്ടര്‍ സാമുവല്‍ നടത്തുന്ന യാത്ര പ്രതാപ് പോത്തൻ എന്ന നടനെ ഓരോ ഫ്രെയിമിലും അത്ഭുതപ്പെടുത്തുന്നുണ്ട്. വ്യക്തി ജീവിതത്തിലെ  നഷ്ടങ്ങളും പരാജയങ്ങളും തന്‍റെ കണ്ണുകളിലൂടെ അയാള്‍ പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കുട്ടിയെ ചികിത്സിക്കാതിരുന്ന പൃഥ്വിരാജ് കഥാപാത്രത്തിന്‍റെ കരണത്തടിക്കുന്ന സാമുവല്‍ അതേ രവി തരകനെ രക്ഷിക്കാനായി ജീവിതത്തില്‍ ആദ്യമായി ഒരു നുണ പറയുന്നതും അയാളെ ചേര്‍ത്തു പിടിക്കുന്നതും അയാളിലെ നടനെ കൂടുതല്‍ അടയാളപ്പെടുത്തുന്ന തിരശീലയിലെ രംഗങ്ങളാണ്.