നിർമാണച്ചെലവിലും കലക്ഷനിലും ഇന്ത്യയിൽ വൻമുന്നേറ്റം നടത്തുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. ഇതിന് പിന്നാലെ താരങ്ങളുടെ പ്രതിഫലവും വൻതോതിലാണ് ഉയരുന്നത്. പുഷ്പയുടെ രണ്ടാം ഭാഗം വരുമ്പോൾ അല്ലു അർജുൻ തന്റെ പ്രതിഫലം ഇരട്ടിയാക്കി എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 100 കോടിയോളം രൂപയിലേക്ക് തന്റെ പ്രതിഫലം അല്ലു ഉയർത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ തെലുങ്കിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടനായി അല്ലു അർജുൻ മാറും. സംവിധായകൻ സുകുമാറും പ്രതിഫലം 40 കോടിയിലേക്ക് ഉയർത്തിയിട്ടുണ്ട്. പുഷ്പ ആദ്യ ഭാഗം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി അടക്കം എല്ലാ ഭാഷകളിലും ഹിറ്റായിരുന്നു. പാട്ടുകൾ ഇപ്പോഴും ട്രെൻഡിങ്ങിലുണ്ട്. വൻഅഴിച്ചുപണികളോടെയാണ് പുഷ്പ രണ്ടാം ഭാഗം എത്തുന്നത്. 350 കോടിയോളം രൂപയിലാണ് ചിത്രമൊരുക്കുക എന്നാണ് സൂചന.
മക്കൾ സെൽവൻ വിജയ് സേതുപതി കൂടി പുഷ്പ-2 ലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട വാർത്ത. ഹിന്ദിയിലുൾപ്പടെ തകർപ്പൻ വിജയമാണ് പുഷ്പ നേടിയത്. ‘പുഷ്പ 2: ദ് റൂൾ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുക്കുന്നതും. റോക്കിഭായിയുടെ വിജയക്കുതിപ്പിനെ തുടർന്ന് തിരക്കഥ കുറച്ച് കൂടി മെച്ചപ്പെടുത്താൻ പുഷ്പയുടെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പുഷ്പയിൽ ആദ്യം സമീപിച്ച വിജയ് സേതുപതിയെ വീണ്ടും സമീപിച്ചത്. ആദ്യ ഭാഗത്തിൽ വിജയ് സേതുപതിക്ക് വച്ചിരുന്ന കഥാപാത്രം ഫഹദിൽ എത്തുകയായിരുന്നു.