പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ നാളെ തിയറ്ററുകളിൽ റിലീസ് ചെയ്യും. കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് റിലീസ് വൈകിയത്. ജൂൺ 30നായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചത്. പുതിയ റിലീസ് തീയതി ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു.. ഒരുപാട് പോരാട്ടങ്ങൾക്കും തടസങ്ങൾക്കും ഒടുവിൽ കടുവ നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ് ... ജൂലൈ 7th, വ്യാഴാഴ്ച മുതൽ ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത് പറയട്ടെ .. " തൂണ് പിളർന്നും വരും " അതാണ് ഈ കടുവ ...
കടുവയെ കാണാൻ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ ..
ഒരുപാട് അവകാശ വാദങ്ങൾ ഉന്നയിക്കുന്നില്ല .
വലിയ തള്ളൽ നടത്താൻ ഉദ്ദേശിക്കുന്നുമില്ല ..പക്ഷെ ഒരുറപ്പ് ...കടുവ ഒരു പക്കാ മാസ്സ് എന്റർടൈനറാണ്
സിനിമകൾ വിജയിക്കട്ടെ. തീയേറ്ററുകൾ ഉണരട്ടെ
ജയ് ജയ് കടുവ
‘‘വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്! ചില അപ്രവചനീയ സാഹചര്യങ്ങൾ കൊണ്ട് കടുവയുടെ റിലീസ് അടുത്ത ആഴ്ചയിലേക്കു മാറ്റുകയാണ്. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്‌ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു’’.–പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രൺജി പണിക്കർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.