അനിയത്തിപ്രാവ്. 25 വര്‍ഷത്തിനിപ്പുറവും മലയാളിയെ പ്രണയത്തില്‍ പിടിച്ചിരുത്തുന്ന ഫാസില്‍ ചിത്രം. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും കരിയര്‍ തീരുമാനിച്ച ചിത്രം. കേന്ദ്രകഥാപാത്രങ്ങളായ സുധിയുടെയും മിനിയുടെയും പ്രണയത്തെ എതിര്‍ക്കുന്ന വില്ലനായി അവതരിച്ചത് ഫാസിലിന്റെ സഹോദരിയുടെ മകന്‍ ഷാജിനാണ്. മിനിയുടെ കൊച്ചിച്ചായന്‍, അനിയത്തിപ്രാവിനുശേഷം ക്രോണിക് ബാച്ചിലര്‍ ഉള്‍പ്പെടെ ഏതാനും മലയാളസിനിമകളിലും കാതലുക്കുമര്യാദൈ, കണ്ണുക്കുള്‍ നിലവ് എന്നീ തമിഴ് സിനിമകളിലും വേഷമിട്ടു. സംവിധായകനാകാന്‍ കൊതിച്ച ഷാജിന്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഫാസിലിന്റെ സഹായിയായിട്ടുണ്ട്. ഒരുഘട്ടത്തിനുശേഷം സീരിയലുകളിലേക്ക് ചുവടുമാറിയ ഷാജിന്‍ പിന്നീട് അഭിനയരംഗത്തുനിന്ന് പൂര്‍ണമായി പിന്മാറി. ഈയിടെ ഷാജിന്റെ ജീവിതത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കുറിപ്പാണ് അദ്ദേഹത്തെ വീണ്ടും ശ്രദ്ധയിലെത്തിച്ചത്. ഷാജിന് കൊച്ചിയിലെ ബ്രോഡ്‍വേയിലുള്ള ചെരുപ്പുകടയിലാണ് ജോലിയെന്നും ജീവിതം ദുരിതപൂര്‍ണമാണെന്നുമൊക്കെയാണ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടയാള്‍ തട്ടിവിട്ടത്. എന്താണ് സത്യാവസ്ഥ? അത് ഷാജിന്‍ തന്നെ പറയും.
ഷാജിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന രീതിയിലാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പ്രചരിച്ചത്. ശരിക്കും എന്താണ് അവസ്ഥ?
അതിൽ പറയുന്ന ഒരു കാര്യം സത്യമാണ് ഞാൻ ചെരുപ്പ് കടയിൽ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വർഷങ്ങളായി കൊച്ചി ബ്രോഡ്‌വേയിൽ കടയുണ്ട്. അനിയത്തിപ്രാവിൽ അഭിനയിക്കാൻ പോയതും കടയിൽ നിന്നാണ്. ദുരിതപൂർണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നൽകി. പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്.
അടിമുടി സിനിമയുമായി ബന്ധമുള്ള കുടുംബമാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിനിമയിൽ നിന്നും അകന്നു നിൽക്കുന്നത്?
രണ്ടുവള്ളത്തിൽ കാൽ ചവിട്ടിയാൽ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും. അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയിൽ നിന്നും അകന്നത്. ഒന്നുകിൽ സിനിമ അല്ലെങ്കിൽ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാൻ സാധിക്കൂ. ഞാൻ പൂർണ്ണമായും ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
അനിയത്തിപ്രാവിലെ കൊച്ചിച്ചായനെക്കുറിച്ച്?
ആകസ്മികമായി സംഭവിച്ച വേഷമാണത്. ഫാസിൽ സാറിന്റെ സഹായിയായിട്ടാണ് സിനിമയിൽ തുടക്കം. അനിയത്തിപ്രാവിൽ ഈ വേഷത്തില്‍ ഒരു പ്രമുഖനടനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം അദ്ദേഹം പിൻമാറി. അങ്ങനെയാണ് ഞാൻ വർക്കി എന്ന കൊച്ചിച്ചായനാകുന്നത്.